എറണാകുളം റെയിൽവേ സ്റ്റേഷനിലെ ശുചി മുറിയിൽ തൻറെ ഫോൺ നമ്പർ എഴുതിവച്ച ആളിനെ വീട്ടമ്മ സ്വന്തം നിലയിൽ കണ്ടെത്തി….സംഭവം ഇങ്ങനെ..
തന്റെ ഫോണിൽ നിരന്തരമായി അശ്ലീല കോളുകൾ വന്നതിന്റെ കാരണം വീട്ടമ്മ സ്വന്തം നിലയിൽ അന്വേഷിച്ച് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മ ശാസ്ത്രീയമായ തെളിവുകളുടെ സഹായത്തോടെയാണ് ആളിനെ തിരിച്ചറിഞ്ഞത്.
2018 മെയ് മാസമാണ് വീട്ടമ്മയ്ക്ക് ആദ്യമായി ഒരു ഫോൺ കോൾ വരുന്നത്. ഫോൺ എടുത്തപ്പോൾ തന്നെ മറുപുറത്ത് നിന്നും തമിഴില്‍ അശ്ലീലമായി എന്തൊക്കെയോ പറഞ്ഞു. തുടർന്ന് വിവിധ നമ്പറുകളിൽ നിന്നും നിരന്തരം വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീല കോളുകൾ വന്നുകൊണ്ടേയിരുന്നു.
കൊല്ലം സ്വദേശിയായ ഒരു യുവാവിന്‍റെ കോളിലൂടെയാണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം വീട്ടമ്മ മനസ്സിലാക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ വീട്ടമ്മയുടെ നമ്പർ എഴുതി വച്ചിട്ടുണ്ട് എന്ന കാര്യം പറയുന്നത് ഇയാളാണ്. അത് കണ്ടിട്ടാണ് താൻ വിളിച്ചത് എന്ന് പറഞ്ഞ യുവാവ് വീട്ടമ്മയുടെ വാട്സാപ്പിൽ അതിൻറെ ചിത്രം അയച്ചു കൊടുക്കുകയും ചെയ്തു. വാട്സാപ്പിൽ ലഭിച്ച ചിത്രത്തിൽ ഉള്ള കൈയക്ഷരം നല്ല പരിചയം തോന്നിയിരുന്നു. ഇതോടെ തന്റെ ഫോൺ നമ്പർ ശുചിമുറിയില്‍ എഴുതി വച്ച ആളിനെ കണ്ടെത്താനുള്ള ശ്രമത്തിലായി വീട്ടമ്മ. ഒടുവിൽ ഏറെ ബുദ്ധിപരമായി അവർ അത് കണ്ടെത്തുകയും ചെയ്തു.
കൈയ്യക്ഷരം പരിചയം തോന്നിയ അവർ റസിഡൻസ് അസോസിയേഷൻ ഭാരവാഹി ആയിരുന്ന ഭർത്താവ് വീട്ടിൽ സൂക്ഷിച്ചിരുന്ന മിനിറ്റ്സ് ബുക്ക് വിശദമായി പരിശോധിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ എഴുതിയ അതേ കൈയ്യക്ഷരം അവർ ഈ പുസ്തകത്തിലും കണ്ടെത്തി. തുടർന്ന് ഇത് രണ്ടും അവർ ബാംഗ്ലൂരിലെ സ്വകാര്യ ലാബിലേക്ക് അയച്ചു കൊടുത്തു.
അവിടെ നിന്നും ലഭിച്ച പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് കൈയ്യക്ഷരവും ഒരാളുടേത് തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു. ഡിജിറ്റൽ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറായ അജിത് കുമാറിന്റേതാണ് കൈയ്യക്ഷരം എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു. ഇത് ചൂണ്ടിക്കാട്ടി വീട്ടമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
യുവതിയുടെ ഭർത്താവ് റസിഡൻസ് സെക്രട്ടറി ആയിരുന്ന കാലത്ത് ഇതേ കമ്മിറ്റിയിൽ ഉണ്ടായിരുന്ന അജിത് കുമാറും യുവതിയുടെ ഭർത്താവും തമ്മിൽ അസ്വാരസ്യം ഉണ്ടായിരുന്നു. ഈ വിരോധം മനസ്സിൽ വച്ചാണ് അജിത് കുമാർ ഇത്തരമൊരു പ്രവർത്തി ചെയ്തത്. പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ആരോപണം വാസ്തവവിരുദ്ധമാണ് എന്നാണ് അജിത് കുമാറിന്റെ പക്ഷം.