കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ കൂട്ടമായി ഇതര സംസ്ഥാനങ്ങളിലേക്ക്…ഓടാതിരുന്നാലും കേരളത്തിലെ നിയമങ്ങൾ പാലിക്കില്ല…..
കേരളത്തിലെ നിയമങ്ങൾ പാലിക്കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി വലിയൊരു വിഭാഗം ടൂറിസ്റ്റ് ബസുകളും കേരളം വിട്ടു പോകാൻ ഒരുങ്ങുന്നു. ഇതിൻറെ ഭാഗമായി രജിസ്ട്രേഷൻ കർണാടകത്തിലേക്ക് മാറ്റുകയാണ് ബസ്സുടമകള്‍. ഏകീകൃത നിറം (വെള്ള) , തീവ്രതയേറിയ ലൈറ്റിനും
ശബ്ദ സംവിധാനങ്ങൾക്കും മറ്റും നിയന്ത്രണം തുടങ്ങിയവ ഉൾപ്പെടെ കർശന വ്യവസ്ഥകളാണ് കേരളത്തില്‍ ഉള്ളത്. എന്നാൽ ഈ സാഹചര്യം കർണാടകത്തിൽ ഉള്‍പ്പടെ മറ്റ് പല സംസ്ഥാനങ്ങളിലും ഇല്ല. കർണാടകയിൽ രജിസ്ട്രേഷൻ നേടുന്ന ബസ്സുകൾക്ക് കേരളത്തിൽ നികുതി അടച്ചാൽ ഇവിടെയും ഓടുന്നതിന് ഒരു തടസ്സവുമില്ല. ഈ രീതിയിൽ ഏതാനും ബസ്സുകൾ കേരളത്തിൽ ഓട്ടം ആരംഭിച്ചിട്ടുണ്ട്.
ഒരുകാരണവശാലും കേരളത്തിലെ നിയമങ്ങൾ പാലിക്കില്ല എന്നും ഓടാതിരുന്നാൽ പോലും സർക്കാർ നിർദ്ദേശിച്ചത് പോലെ എല്ലാ ബസ്സുകള്‍ക്കും ഏകീകൃത നിറമായ വെള്ള അടിക്കില്ലെന്നും ചില ബസ് ഉടമകൾ സമൂഹ മാധ്യമത്തിലൂടെ തുറന്നടിച്ചിരുന്നു.
കേരളത്തിൽ നിയമങ്ങൾ കർശനമാക്കാനുള്ള പ്രധാന കാരണം 2022 ഒക്ടോബറിൽ വടക്കഞ്ചേരിയിൽ ഉണ്ടായ ബസ് അപകടമാണ്. അന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഈ സംഭവത്തിനു ശേഷം സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം, ബസ്സുകളില്‍ ഏര്പ്പെടുത്തിയിരികുന്ന ശബ്ദസംവിധാനം എന്നിവയ്ക്ക് കടുത്ത നിയന്ത്രണമാണ് സംസ്ഥാന സര്‍ക്കാര്‍ ഏർപ്പെടുത്തിയത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകൾക്ക് കേരളത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പറ്റില്ല. കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത് ഓൾ ഇന്ത്യ പെർമിറ്റ് നേടി കേരളത്തിൽ നികുതിയടച്ച് ഇവിടെ ഓടുന്നതിൽ നിയമതടസമില്ല. അതോടൊപ്പം തന്നെ സീറ്റുകളുടെ എണ്ണം അനുസരിച്ച് പ്രവേശന നികുതി അടച്ചും സംസ്ഥാനത്ത് ഓടാന്‍ കഴിയും. നിലവില്‍ കേരളത്തിലെ പല ബസ്സുടമകളും ഈ രീതിയാണ് അവലംബിക്കുന്നത്.