മകൾ മരിച്ചത് എങ്ങനെയാണെന്നറിയാതെ ആ മാതാപിതാക്കള്‍… കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നു മാസം… പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട് പോലും ലഭിക്കാതെ കുടുംബം…..
മകൾ മരിച്ച കാരണം എന്താണ് എന്നറിയാതെ കഴിഞ്ഞ മൂന്ന് മാസമായി ആ പിതാവ് കാത്തിരിക്കുകയാണ്. അമ്പലപ്പുഴ ഏഴര പീടികയിൽ സുഹറ മന്‍സിലിൽ ശിഹാബുദ്ദീന്റെ മകൾ നിദാ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ദേശീയ തലത്തിലുള്ള സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുക്കാൻ പരിശീലകരുടെയും മറ്റ് കളിക്കാരുടെയും ഒപ്പം നാഗ്പൂരിൽ എത്തിയ നിദ പെട്ടെന്നുണ്ടായ വയറുവേദനയും ചർദ്ദിയും മൂലം അവശയാവുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അബോധാവസ്ഥയിലായി. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
നിദയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് നാഗ്പൂരിലെ മെഡിക്കൽ കോളേജിലാണ്. മൂന്നു മാസം കഴിഞ്ഞിട്ടും ഇതുവരെ റിപ്പോർട്ട് ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. നിദയുടെ മരണശേഷം അമ്മ ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. അതുകൊണ്ടുതന്നെ ജോലിക്ക് പോലും പോകാൻ പറ്റാതെ വീട്ടിൽ തന്നെയാണ് പിതാവ് ശിഹാബുദീനും. തൻറെ മകളുടെ മരണ കാരണം അറിയാൻ ഇനിയെന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കു വച്ച ഒരു പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
താൻ അത്യന്തം സങ്കടത്തോടുകൂടിയാണ് ഇത് പോസ്റ്റ് ചെയ്യുന്നത് എന്നു പിതാവ് കുറിക്കുന്നു. സൈക്കിൾ പോളോ കളിക്കാൻ പോയ മകൾ വിജയിച്ചു സന്തോഷത്തോടു കൂടി തിരികെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരമാണ് എത്തിയത്. മകളുടെ വേർപാടിന്റെ വേദനയിൽ നിന്നും തന്റെ ഭാര്യ ഇതുവരെ മോചിത ആയിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ഭാര്യയെ തനിച്ചാക്കി ജോലിക്ക് പോകാൻ പോലും ഭയമാണ്.
നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ല. ദുഃഖത്തിൽ പങ്കുചേർന്ന് തന്നെയും മറ്റുള്ളവരെയും ആശ്വസിപ്പിച്ച എല്ലാവരോടും നന്ദിയുണ്ട്. ഒരു അസുഖവും ഇല്ലാതെ പുറപ്പെട്ട മകൾ മരിക്കാൻ കാരണമെന്താണെന്ന് അറിയണമെന്ന് പിതാവ് ആവശ്യപ്പെടുന്നു. മകൾ മരിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ല. മകളുടെ യഥാർത്ഥ മരണകാരണമെന്താണെന്ന് അറിയാൻ എവിടെയാണ് പോകേണ്ടത് എന്ന് അറിയില്ല. സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും തനിക്കും കുടുംബത്തിനും നീതി ലഭിക്കാൻ എല്ലാ നല്ലവരായവരും ശ്രമിക്കുമെന്ന് വിശ്വാസമുണ്ടെന്നും ശിഹാബുദ്ദീൻ കുറിച്ചു.