എന്ത് പറയണമെന്ന് അറിയില്ല…..ഒരുപാട് ഓർമ്മകൾ ഉണ്ട്…. ചിരികൾക്ക് നന്ദി… ഇന്നസെന്റിന്റെ വേർപാടിൽ സിനിമ ലോകം….
പതിറ്റാണ്ടുകളോളം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്ത നടൻ ഇന്നസെന്റിന്റെ വേർപാടിൽ ദുഃഖം കടിച്ചമർത്തി നിൽക്കുകയാണ് സിനിമാലോകം. മലയാള സിനിമയുടെ ചിരി അസ്തമിച്ച വേദനയിലാണ് ഓരോ മലയാളിയും. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുക ആയിരുന്നു. നടന്റെ വിയോഗസമയത്ത് സിനിമാതാരങ്ങളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും അടക്കം നിരവധി പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്.
അദ്ദേഹത്തിൻറെ വിയോഗത്തിൽ, മമ്മൂട്ടി, ദിലീപ് , ജയറാം , സുരാജ് വെഞ്ഞാറമൂട് , കുഞ്ചാക്കോ ബോബൻ , മധുപാൽ തുടങ്ങിയവർ ആശുപത്രിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് പോലും കരഞ്ഞു കൊണ്ടാണ്.
മാധ്യമങ്ങളുടെ ക്യാമറയുടെ മുന്നിൽ നിന്നും ഒരു വാക്ക് പോലും പറയാൻ കഴിയാതെ വിങ്ങി പൊട്ടിയാണ് ജയറാം അവിടെ നിന്നും മടങ്ങി പോയത്.
മമ്മൂട്ടി , മോഹൻലാൽ , മഞ്ജു വാര്യർ , പൃഥ്വിരാജ് , ദിലീപ് , ജയറാം എന്ന് തുടങ്ങി നിരവധി പ്രമുഖരാണ് ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
നടൻ ദിലീപ് പറഞ്ഞത് കണ്ണുകളിൽ ഇരുട്ട് മൂടുന്നു എന്നാണ്. ഇന്നസെൻറ് എന്ന വലിയ മനുഷ്യൻ തനിക്ക് അച്ഛനെയോ സഹോദരനെയോ വഴികാട്ടിയോ പോലെ ഒപ്പമുണ്ടായിരുന്ന മനുഷ്യനായിരുന്നു. അദ്ദേഹം വിട പറഞ്ഞു. കലാ രംഗത്ത് തനിക്ക് ഒരു മേൽവിലാസം തന്നത് അദ്ദേഹത്തിൻറെ ശബ്ദമായിരുന്നുവെന്ന് പറഞ്ഞു.
എന്താ പറയേണ്ടത് എൻറെ ഇന്നസെൻറ്, എന്ന് തുടങ്ങുന്ന കുറിപ്പിൽ മോഹൻലാൽ തൻറെ പ്രിയപ്പെട്ട സഹപ്രവര്ത്തകനെ കുറിച്ച് പറഞ്ഞത്
അദ്ദേഹം വിട്ടു പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത് എന്നായിരുന്നു.
ഇന്നസെൻറ് ആശുപത്രിയിൽ എത്തി മടങ്ങുമ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പോലും കഴിയാതെ തലകുനിച്ചാണ് മമ്മൂട്ടി വാഹനത്തിൽ കയറി പോയത്. സിനിമ ലോകത്തെ ഒരു ഐതിഹാസിക അധ്യായത്തിന് അന്ത്യം എന്നാണ് പൃഥ്വിരാജ് കുറിച്ചത്. സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും നൽകിയ ചിരികൾക്ക് നന്ദി ഇന്നസെൻറ് ചേട്ടാ എന്ന് മഞ്ജുവാര്യർ കുറിച്ചു.