ഗാന്ധിഭവനിലെ അന്തേവാസികൾക്ക് യൂസഫലിയുടെ കരുതൽ…റംസാൻ സമ്മാനവുമായി യൂസഫലിയുടെ ടീം…
ഗാന്ധിഭവനിലെ അഗതികൾക്ക് റംസാൻ പ്രമാണിച്ച് സമ്മാനവുമായി എത്തിയിരിക്കുകയാണ് എം എ യൂസഫലി. ഇത്തവണ ഒരു കോടി രൂപയുടെ സഹായധനമാണ് അദ്ദേഹം ഗാന്ധിധാനിലെ അന്തേവാസികൾക്ക് സമ്മാനമായി നൽകിയിരിക്കുന്നത്.
കഴിഞ്ഞ തവണത്തെ നോമ്പു കാലത്തും യൂസഫലി ഗാന്ധിഭവനിലെ ആയിരത്തി മുന്നൂറിലേറെ വരുന്ന അഗതികൾക്ക് സഹായം കൈമാറിയിരുന്നു. റംസാൻ മാസത്തിൽ എല്ലാ ദിവസങ്ങളിലും വിഭവസമൃദ്ധമായ ഭക്ഷണം, നോമ്പുതുറ , ഇഫ്താർ വിരുന്ന് എന്നിവ ഉറപ്പു വരുത്തുകയാണ് അദ്ദേഹം ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കോവിഡ് കാലം ആരംഭിച്ചപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആയിരുന്നു ഗാന്ധിഭവൻ കടന്നു പോയത്. ലോകത്തെ മുഴുവൻ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനം ഗാന്ധിഭവനിലും ഉണ്ടായി. അവിടെയുള്ള അന്തേവാസികൾക്ക് മരുന്നുകൾ ഭക്ഷണം മറ്റ് ആശുപത്രി ചികിത്സകൾ , വസ്ത്രം , ജീവനക്കാരുടെ ശമ്പളം , മറ്റു ചിലവുകൾ എന്നിവ ഉൾപ്പെടെ ഒരു ദിവസം മൂന്നു ലക്ഷത്തോളം രൂപയുടെ ചിലവുണ്ട്. കോവിഡ് സമയത്ത് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങളില്‍ വലിയ തോതിൽ
കുറവ് സംഭവിച്ചിരുന്നു. ഇത് ദൈനംദിന പ്രവർത്തനങ്ങളെ ആകെ ബാധിച്ചിരുന്നു. ഈ കാലയളവില്‍ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനും ഭക്ഷണത്തിന് മറ്റുമായി അദ്ദേഹം 65 ലക്ഷം രൂപ ഗാന്ധിഭവന് നൽകി.
ഇപ്പോൾ യൂസഫലി നൽകിയ സഹായം ഗാന്ധിഭവൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാകും എന്നും റംസാൻ കാലത്ത് പ്രതിസന്ധികളിൽ നിന്ന് മോചനം നേടുന്നതിന് സഹായിക്കുമെന്നും ഗാന്ധിഭവന്റെ സെക്രട്ടറി ആയ പുനലൂർ സോമരാജൻ അറിയിച്ചു.
ഏഴുവർഷം മുൻപ് ഗാന്ധിഭവൻ സന്ദർശിച്ചപ്പോഴാണ് അവിടുത്തെ അമ്മമാരുടെ ഉൾപ്പെടെയുള്ളവരുടെ ബുദ്ധിമുട്ടുകൾ അദ്ദേഹം മനസ്സിലാക്കുന്നത്. തുടര്‍ന്നു യൂസഫലിയുടെ കരുതൽ ഗാന്ധിഭവനെ തേടി എത്തിയിരുന്നു. അടുത്തിടെ ഗാന്ധിഭവനിലെ അമ്മമാർക്കായി 15 കോടിയിൽ അധികം രൂപ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ബഹു നില മന്ദിരം നിർമ്മിച്ചു നൽകിയിരുന്നു. ഇതുകൂടാതെ പ്രതി വര്‍ഷ ഗ്രാൻഡ് ഉൾപ്പെടെ ഏഴ് വർഷത്തിനിടയിൽ 9 കോടിയിലധികം രൂപയുടെ സഹായമാണ്
അദ്ദേഹം നല്‍കിയത്.