ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കരുത്…ഒപ്പം നിന്ന് ചിത്രം എടുക്കരുത്… മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കരുത്… സദാചാര സർക്കുലർ പുറത്തിറക്കി കോളേജ് അധികൃതർ….പ്രതിഷേധവുമായി വിദ്യാർത്ഥികൾ…
വിനോദ യാത്ര പോകുന്ന വിദ്യാർഥികൾക്ക് വേണ്ടി അതീവ വിചിത്രമായ ഒരു സർക്കുലർ പുറത്ത് ഇറക്കിയിരിക്കുകയാണ് കൊല്ലം എസ് എൻ കോളേജ് അധികൃതർ. സർക്കുലർ അനുസരിച്ച് ആൺകുട്ടികളും പെൺകുട്ടികളും ഒരു കാരണവശാലും ബസ്സിൽ അടുത്തത്തടുത്ത സീറ്റുകളിൽ ഇരിക്കാൻ പാടുള്ളതല്ല. കുട്ടികൾ മോഡേണ്‍ വസ്ത്രങ്ങൾ ധരിക്കരുത് , ആൺകുട്ടികളുടെ ഒപ്പം ഫോട്ടോ എടുക്കരുത് , ഉയരം കൂടിയ ചെരിപ്പ് ധരിക്കരുത് തുടങ്ങിയവയാണ് ഇവര്‍ സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ. മാത്രമല്ല പെൺകുട്ടികൾ എല്ലാവരും വനിതാ അധ്യാപകരുടെ കൂടെ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ എന്ന് കർക്കശമായി നിർദ്ദേശിച്ചിരിക്കുകയാണ് കോളേജ് അധികൃതര്‍.
കഴിഞ്ഞ ദിവസമാണ് വിവാദ സർക്കുലർ പുറത്തു വിട്ടത്. മൂന്നാം വർഷ ജേണലിസം വിദ്യാർഥികളുടെ വിനോദ യാത്രയുമായി ബന്ധപ്പെട്ടാണ് അധികൃതർ ഈ നിയമാവലി പുറത്തിറക്കിയിരിക്കുന്നത്. ഇത് പുറത്തിറക്കി അധികം വൈകാതെ തന്നെ സർക്കുലർ വലിയ വിവാദമായി മാറി. സമൂഹ മാധ്യമത്തിൽ അടക്കം ഇതിനെതിരെ പ്രതിഷേധം രൂക്ഷമാണ്. അധികൃതരുടെ നിർദ്ദേശത്തിനെതിരെ കോളേജിലെ എസ് എഫ് ഐ നേതൃത്വം രംഗത്ത് വന്നു. അടിയന്തരമായി ഈ സദാചാര സർക്കുലർ പിൻവലിക്കാത്ത പക്ഷം കടുത്ത സമര രീതികളുമായി മുന്നിട്ടിറങ്ങാനാണ് പ്രമുഖ വിദ്യാര്‍ഥി സംഘടന ആയ എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നത്. ഇതിൻറെ ആദ്യപടി എന്നോണം കോളേജ് ഗേറ്റിന്റെ മുന്നിൽ സദാചാരം പടിക്ക് പുറത്ത് എന്ന ഒരു ബാനര്‍ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ഉയർത്തിയിട്ടുണ്ട്.
അതേ സമയം ഈ നിയമാവലി സംബന്ധിച്ച് കൂടുതൽ വിശദീകരണത്തിന് കോളേജ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. കൂടുതലായി ഒന്നും അറിയില്ല എന്നാണ് അധികൃതർ എടുത്തിരിക്കുന്ന നിലപാട്.