വയറിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവം …. അഞ്ച് വര്‍ഷം അനുഭവിച്ച വേദനയ്ക്ക് 2 ലക്ഷം രൂപ വിലയിട്ടത് തന്നെ അവഹേളിക്കുന്നതിന് തുല്ല്യം… സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിനൊരുങ്ങി ഹര്‍ഷിന…
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നടത്തിയ പ്രസവ ശസ്ത്രക്രീയക്കിടെ വയറിനുള്ളിൽ കത്രിക മറന്നു വെച്ച സംഭവം വലിയ വിവാദമായി മാറിയിരുന്നു. ഇപ്പോൾ ഇത് സംഭവിച്ച് ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഹോസ്പിറ്റൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പരാതിയുമായി രംഗത്തു വന്നത് കോഴിക്കോട് പുതുപ്പാടി അടിവാരം സ്വദേശിനി ഹർഷിന ആയിരുന്നു. സംഭവം വലിയ വാർത്തയായി മാറിയതോടെ ഹർഷിനയ്ക്ക് സർക്കാർ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നും തനിക്ക് ഈ സഹായം ആവശ്യമില്ലന്നും ഹർഷിന പറഞ്ഞു.
അഞ്ചു വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തിയപ്പോഴാണ് വയറിനുള്ളിൽ കത്രിക മറന്നു വെച്ചത്. സിസേറിയന് ശേഷം വല്ലാത്ത ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ഹർഷിന പല ചികിത്സകൾ തേടിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. പിന്നീട് എട്ട് മാസം മുൻപ് നടത്തിയ സ്കാനിങ്ങിൽ ആണ് വയറിനുള്ളിൽ കത്രിക കുടുങ്ങിയ കാര്യം അറിയുന്നത്. തുടര്‍ന്നു കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഉൾപ്പെടെ പരാതി നൽകിയെങ്കിലും പ്രത്യേകിച്ച് ഗുണവും ഉണ്ടായില്ല. ഇതോടെയാണ് ഹർഷിന ആശുപത്രിയുടെ മുന്നിൽ സമരം ആരംഭിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ട് എത്തി ഇവരുടെ പരാതി കേട്ടിരുന്നു. മന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ചു.
എന്നാൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം തനിക്ക് ആവശ്യമില്ലെന്നും ഈ അഞ്ചു വർഷം താൻ അനുഭവിച്ച വേദനയ്ക്കും ചികിത്സാ ചെലവുകൾക്കും ഇങ്ങനെ വിലയിട്ടത് തന്നെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്നു അവർ പറഞ്ഞു. തനിക്ക് ഈ അവസ്ഥ വന്നവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്നും ഹർഷിന അറിയിച്ചു.