ഇന്ന് നിങ്ങൾ നാപ്കിൻ ചോദിക്കും; നാളെ ജീൻസും പിന്നീട് ഷൂസും അതുകഴിഞ്ഞ് കോണ്ടവും വേണമെന്ന് പറയും; സ്കൂൾ വിദ്യാർത്ഥിനിയെ അവഹേളിച്ച് ഐഎഎസ് ഉദ്യോഗസ്ഥ
പെൺകുട്ടികൾക്ക് സ്കൂളിൽ കുറഞ്ഞ ചെലവിൽ നാപ്കിൻ വിതരണം ചെയ്യുന്നതുമായ ബന്ധപ്പെട്ട സംശയമുന്നയിച്ച വിദ്യാർഥിനിയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഐഎഎസ് സുദ്യോഗസ്ഥ ഹാർജോദ് കൗർ ഫമ്ര. 9 , 10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ബീഹാറിൽ ശിശു വനിതാക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടയാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റം.
സംവാദത്തിനിടെ 20രൂപയ്ക്കൊ 30 രൂപയ്ക്കോ പെൺകുട്ടികൾക്ക് നാപ്കിന് വിതരണം ചെയ്യാന്‍ സർക്കാരിന് കഴിയുമോ എന്ന് വിദ്യാർഥിനിയുടെ ചോദ്യം ആണ് ഐഎഎസ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചത്. ഇന്ന് നാപ്കിന് വേണമെന്ന് പറയുന്നവര്‍ നാളെ ജീൻസ് വേണമെന്നും പിന്നീട് ഷൂസ് നൽകണമെന്നും അതിനുശേഷം കുടുംബാസൂത്രണത്തിനുള്ള ഉപാധി ആയ കോണ്ടം പ്രതീക്ഷിക്കുമെന്നും ഐഎഎസ് ഉദ്യോഗസ്ഥ പറഞ്ഞു. എന്നാൽ ജനങ്ങളുടെ വോട്ടുകളാണ് സർക്കാരിനെ ഉണ്ടാക്കുന്നതെന്നായിരുന്നു ഇതിനുള്ള വിദ്യാർഥിനിയുടെ പ്രതികരണം. ഈ ചിന്ത വിഡ്ഢിത്തം ആണെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥ നല്കിയ മറുപടി. എങ്കിൽ വോട്ട് ചെയ്യരുതെന്നും പാകിസ്ഥാൻ ആവുകയാണോ ഉദ്ദേശമെന്നും പണത്തിനും മറ്റു സൗകര്യങ്ങൾക്കും വേണ്ടി വോട്ട് ചെയ്യുമോ എന്നും അവർ വിദ്യാർത്ഥിനിയോട് ചോദിച്ചു. എന്നാൽ താനൊരു ഇന്ത്യക്കാരി ആണെന്നും എന്തിനാണ് പാകിസ്ഥാനി ആകുന്നതെന്നും പെൺകുട്ടി ഐഎഎസ് ഉദ്യോഗസ്ഥയോട് തിരിച്ചു ചോദിച്ചു.
ഇതോടെ സ്കൂളിലെ ശുചിമുറിയുടെ മോശം സാഹചര്യത്തെക്കുറിച്ച് മറ്റൊരു കുട്ടി ചോദ്യമുന്നയിച്ചു. പെൺകുട്ടികളുടെ ശുചിമുറിക്ക് യാതൊരു സുരക്ഷയും ഇല്ലെന്നും അവിടേക്ക് ആൺകുട്ടികൾ എത്തുകയാണെന്നും കുട്ടി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ വീട്ടിൽ പ്രത്യേകം സുചിമുറി ഉണ്ടോ എന്നും പലപ്പോഴായി പല കാര്യങ്ങൾ ഇങ്ങനെ ആവശ്യപ്പെട്ടാൽ അത് എങ്ങനെ നടക്കും എന്നുമായിരുന്നു ഉദ്യോഗസ്ഥയുടെ ഇതിനുള്ള മറുപടി. മാത്രമല്ല എല്ലാം സർക്കാർ തന്നെ നൽകണമെന്ന ചിന്ത തെറ്റാണെന്ന് ഇതൊക്കെ സ്വയം ചെയ്യുകയാണ് വേണ്ടതെന്നും ഉദ്യോഗസ്ഥ കുട്ടിയെ ധരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ ഈ സംവാദത്തിന്റെ വീഡിയോ പുറത്തു വന്നതോടെ സംഭവം വലിയ വിവാദമായി മാറി. ഇതോടെ തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും സ്ത്രീകൾക്കുള്ള അവകാശങ്ങൾക്കും അവരെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി താൻ നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും തനിക്കെതിരെ ഉയർന്ന വിവാദത്തെ എതിർത്തുകൊണ്ട് ഉദ്യോഗസ്ഥ പറഞ്ഞു.