ഇപ്പോഴത്തെ മെന്റൽ ട്രോമാ ഭീകരമാണ്; സ്വന്തം ജീവിതത്തിൽ വന്നപ്പോഴാണ് എല്ലാവരുടെയും മുമ്പിൽ നമ്മൾ അപഹാസ്യയാകുന്നത് മനസ്സിലാവുന്നത്; ചില സാഹചര്യങ്ങളിൽ മൗനമാണ് ഏറ്റവും നല്ല മറുപടി; പരാതിക്കാരി
ശ്രീനാഥ് ഭാസി വിഷയത്തിൽ താൻ നേരിട്ടത് കടുത്ത സൈബര് ആക്രമണമാണെന്ന് പരാതിക്കാരിയായ അവതാരക. ഇനി കരിയറിനെ കുറിച്ച് പോലും വല്ലാത്ത ആശങ്കയാണ് ഉള്ളതെന്നും ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കാവേ അവർ പറഞ്ഞു.
അപരിചിതരായ ആളുകൾ മാത്രമാണ് സൈബർ ആക്രമണം നടത്തുന്നതെങ്കിൽ സഹിക്കാമായിരുന്നു. നീതി വേണമെന്ന് പറഞ്ഞു കേസുകൊടുത്ത നടി ഉൾപ്പെടെ തനിക്കെതിരെ രംഗത്തെത്തിയതായും പരാതിക്കാരി പറയുന്നു. അവർ തന്നെ സമൂഹ മാധ്യമത്തിൽ പരോക്ഷമായി കളിയാക്കി. ഒരു സ്ത്രീ എന്ന പരിഗണന വേണ്ട. പക്ഷേ തനിക്കുണ്ടായ വേദനയെങ്കിലും അവർക്ക് പരിഗണിക്കാമായിരുന്നു. ഇടപെടാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. അവർ തന്നെ പരസ്യമായി അപമാനിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.
ഒരു പരിധി എത്തിയപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി. കേസ് തുടങ്ങിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ എങ്കിലും വല്ലാത്ത മാനസിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇപ്പോഴത്തെ മെന്റൽ ട്രോമാ ഭീകരമാണ്. ഇത് പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാവില്ല, അനുഭവിക്കുമ്പോൾ മാത്രമേ മനസ്സിലാകൂ. സ്വന്തം വീട്ടിൽ വരുമ്പോൾ മാത്രമേ മനസ്സിലാവൂ. അതുവരെ ഇത് എല്ലാവർക്കും കൗതുകമാണ്. പല വാർത്തകളും വരുമ്പോൾ അത് പരാതിക്കാരെ ഏത് വിധത്തിൽ ബാധിക്കുമെന്ന് ഇതുവരെ അറിയില്ലായിരുന്നു. എല്ലാവരുടെയും മുന്നില് പരിഹാസ്യയാകുന്നത് മനസ്സിലായത് ഇപ്പോഴാണ്.
തനിക്കെതിരെയുള്ള നിർമാതാവിന്റെ പോസ്റ്റ് കണ്ടപ്പോൾ വല്ലാത്ത ഭയം തോന്നി. എല്ലാവരും കൂടി എന്തെങ്കിലും ചെയ്യുമോ എന്ന ഭയവുമുണ്ട്. ചില സാഹചര്യങ്ങളിൽ മൗനമാണ് ഏറ്റവും നല്ല മറുപടി. പൊതുസമൂഹത്തിൽ നിന്നുമുള്ള പിന്തുണ മാത്രമാണ് ഇപ്പോൾ ഉള്ളത്. രാഷ്ട്രീയമായി ബന്ധങ്ങൾ ഇല്ല, പക്ഷേ അമ്മ ഒരു ജനപ്രതിനിധിയാണ്. അവരെല്ലാവരും നന്നായി പിന്തുണയ്ക്കുന്നുണ്ട് അതുകൊണ്ട് മാത്രമാണ് ഇത്ര ധൈര്യത്തിൽ മുന്നോട്ടു പോകാൻ കഴിയുന്നത്. ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിൾ പരിശോധിക്കണം എന്നത് തന്റെ ആവശ്യമായിരുന്നില്ല. തനിക്ക് നീതി ലഭിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലഹരി ഉപയോഗിച്ചിട്ടാണോ ശ്രീനാഥ് ഭാസി പെരുമാറിയതെന്ന പോലീസിന്റെ ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി പറഞ്ഞതെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.