സുഹൃത്ത് ചതിച്ചു; സാമ്പത്തികത്തട്ടിപ്പില്‍ കുടുങ്ങി കേസിൽ അകപ്പെട്ട് ദുബായിൽ കഴിഞ്ഞു വന്നിരുന്ന തമിഴ് കുടുംബം നീണ്ട 14 വർഷത്തിനു ശേഷം നാട്ടിലെത്തി; ലക്ഷങ്ങളുടെ പിഴ ദുബായ് എമിഗ്രേഷൻ വകുപ്പും ബാങ്കുകളും എഴുതിത്തള്ളി
സുഹൃത്തിന്റെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് കേസിൽ ഉൾപ്പെട്ടു ദുബായിൽ കുടുങ്ങിപ്പോയ തമിഴ് കുടുംബം ഒടുവിൽ നീണ്ട 14 വർഷത്തിനു ശേഷം നാട്ടിൽ തിരികെയെത്തി. മധുര ശിവഗംഗ സ്വദേശി കാർത്തികേയനും അദ്ദേഹത്തിന്റെ ഭാര്യ കവിതയും നാലു മക്കളുമാണ് ഒടുവില്‍ ദുബായി ഗവണ്മെന്റിന്റെ സഹായത്തോടെ നാടണഞ്ഞത്.
ഇവരുടെ പിഴത്തുക ദുബായ് എമിഗ്രേഷൻ വകുപ്പ് എഴുതിത്തള്ളി. ബാങ്കുകളുടെ കാരുണ്യവും നിരവധി സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും അഭിഭാഷകരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഈ കുടുംബം നാട്ടിലേക്ക് തിരികെയെത്തിയത്.
2008 മുതൽ നാട്ടിൽ പോകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. പാര്ട്ട്ണര്ഷിപ്പില് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശിയായ പി ആർ ഒ കാണിച്ച വിശ്വാസ വഞ്ചനയാണ് ഈ കുടുംബത്തെ ദുരിതത്തിൽ ആക്കിയത്. മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു കാര്‍ത്തികേയന്റെ ഭാര്യ കവിത തന്റെ കൈവശം ഉണ്ടായിരുന്ന രേഖകൾ ഉപയോഗിച്ച് 11 ബാങ്കുകളിൽ നിന്ന് നാല് ലക്ഷത്തോളം രൂപ വായ്പയെടുത്തു ഇയാൾക്ക് നൽകി. എന്നാൽ ഇയാൾ അവരെ വഞ്ചിക്കുകയായിരുന്നു. പണം തിരിച്ചടയ്ക്കാതെ വന്നതോടെ ബാങ്കുകൾ ഇവർക്കെതിരെ കേസ് കൊടുത്തു. ജയിൽ നടപടി വരെ നേരിടേണ്ടി വന്നു. കുട്ടികളെ സ്കൂളിൽ പോലും ചേർക്കാൻ പറ്റാത്ത സാഹചര്യമായി. പാസ്പോർട്ട് പിടിച്ചു വച്ചതിനാൽ നാട്ടിൽ പോകാനും കഴിഞ്ഞില്ല.
പാസ്പോർട്ടിന്റെയും വിസയുടെയും കാലാവധി കഴിഞ്ഞതോടെ ഗൾഫിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ നൽകിയ സഹായം മാത്രമായിരുന്നു ഇവരുടെ ഏക വരുമാന മാർഗം. പിന്നീട് അവിടെ ഉണ്ടായിരുന്ന സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് 2015ല്‍ ഇവർക്ക് നാട്ടിലേക്ക് തിരികെ പോകാനുള്ള അവസരം ഉണ്ടായെങ്കിലും എൻഒസി കിട്ടാതെ വന്നതോടെ യാത്ര വീണ്ടും വൈകി. ഇതിനിടെ ചാരിറ്റി സംഘടനകൾ വഴി ലഭിച്ച കുറച്ചു തുക ഇവർ ബാങ്കിൽ അടച്ചു. എന്നാൽ വിസയും പാസ്പോർട്ടും ഇല്ലാത്തതുകൊണ്ട് പിന്നെയും ലക്ഷങ്ങൾ പിഴ വന്നു. ഒടുവിൽ ദുബായ് എമിഗ്രേഷൻ വകുപ്പ് ഇവരുടെ പിഴത്തുക എഴുതിത്തള്ളി. ജനന സർട്ടിഫിക്കറ്റ് പോലും ഇല്ലാതിരുന്ന ഇവരുടെ കുട്ടികൾക്ക് ഇന്ത്യൻ കോൺസുലേറ്റ് രേഖകൾ ശരിയാക്കി നൽകിയതോടെയാണ് ഇവര്‍ക്ക് നാട്ടിലേക്കു പോകാനുള്ള സാഹചര്യം ഒരുങ്ങിയത്.