സ്ത്രീകളെ ചൊല്ലിയുള്ള തർക്കം പ്രശസ്ത നിർമ്മാതാവിന്റെ ജീവനെടുത്തു; ബോഡി പ്ലാസ്റ്റിക് കവറിലാക്കി നദിക്കരയിൽ ഉപേക്ഷിച്ചു
ചെന്നൈയിലെ അറിയപ്പെടുന്ന വ്യവസായിയും തമിഴ് ചലച്ചിത്ര ലോകത്തെ പ്രമുഖ സാമ്പത്തിക ഇടപാടുകാരനുമായ ഭാസ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസ് പിടിയിലായി. ഭാസ്കറിന് സ്ഥിരമായി സ്ത്രീകളെ എത്തിച്ചു കൊടുത്തിരുന്ന ഗണേശൻ എന്നയാളാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.
ശനിയാഴ്ച രാവിലെയോടെയാണ് പ്ലാസ്റ്റിക് ബാഗിനുള്ളിൽ പൊതിഞ്ഞ നിലയില്‍ മൃതദേഹം നദിക്കരയിൽ നിന്നും കണ്ടെത്തിയത്. പ്രദേശത്ത് ശുചീകരണത്തിന് എത്തിയ തൊഴിലാളികളാണ് കൂവം നദിയോട് ചേർന്ന് അസാധാരണമായ വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് പൊതി ഉപേക്ഷിച്ച നിലയിൽ കാണുന്നത്. തുടർന്ന് സംശയം തോന്നിയ തൊഴിലാളികൾ അടുത്തു ചെന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ തിരുകിയ നിലയിൽ മനുഷ്യ ശരീരം കണ്ടെത്തിയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു ശവശരീരം. തുടർന്ന് തൊഴിലാളികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്ത് എത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പ്രമുഖ വ്യവസായിയും ചലച്ചിത്ര മേഖലയിൽ പണം നൽകുന്ന ഇടപാട് കാരനായ ഭാസ്കർ ആണെന്ന് തിരിച്ചറിഞ്ഞത്. പിന്നീടുള്ള പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ചുരുളഴിഞ്ഞത്.
പെൺവാണിഭ സംഘത്തിലെ പ്രധാനിയായ ഗണേശൻ കഴിഞ്ഞ രണ്ടു വർഷത്തോളമായി കൊല്ലപ്പെട്ട ഭാസ്കറിന് സ്ത്രീകളെ എത്തിച്ചു നൽകിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഗണേശന്റെ വീട്ടിൽ വച്ച് ഇരുവരും തമ്മില്‍ സ്ത്രീകളെ ചൊല്ലി വഴക്കുണ്ടായി. മദ്യലഹരിയിൽ ആയിരുന്ന ഭാസ്കരനെ അപ്പോഴത്തെ ദേഷ്യത്തിന് ഗണേശൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് നദിക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്കുള്ള സൂചന പോലീസിനു ലഭിച്ചത്. ഭാസ്കറിന്റെ എടിഎം കാർഡ് ഉപയോഗിച്ച് ഗണേശൻ ബാങ്ക് അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ പിൻവലിച്ചിരുന്നു. ഇതും നിര്‍ണായക തെളിവായി.