മൃതദേഹം വേണ്ട; നഷ്ടപരിഹാരവും ഇൻഷുറൻസ് തുകയും മാത്രം അയച്ചു തന്നാല്‍ മതി; പ്രവാസിയുടെ ഭാര്യ
മരിച്ച് നാല് മാസം കഴിഞ്ഞിട്ടും മോർച്ചറിയിൽ സൂക്ഷിക്കുന്ന
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന
സാമൂഹ്യ പ്രവർത്തകനോട് പ്രവാസിയുടെ ഭാര്യ പറഞ്ഞത് മൃതദേഹം
വേണ്ടെന്നും ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും മാത്രം മതിയെന്നാണ്.
ഭാര്യയുടെ ഈ മറുപടി കേട്ട് സാമൂഹ്യപ്രവർത്തകൻ ഒരു നിമിഷം സ്തംഭിച്ചു നിന്നപ്പോൾ അഡ്രസ്സ് മാറിപ്പോകരുത് എന്ന ഭാര്യയുടെ ഓര്‍മ്മപ്പെടുത്താലും. ദമാമിൽ ഉള്ള ഒരു കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന ആദ്ര കടപ്പാ ഹസ്സൻപുരം സ്വദേശിയായ ഷെയ്ഖ് സമദ് 38 കാരന്റെ ഭാര്യ ശൈഖ സമീര സമദ് ആണ് സാമൂഹ്യ പ്രവർത്തകനായ ഷാജി മതിലകത്തിനോട് ഭര്‍ത്താവിന്റെ മൃതദേഹം വേണ്ടന്നും നഷ്ടപരിഹാരത്തുക മാത്രം മതിയെന്നും പറഞ്ഞത്. വളരെ വർഷങ്ങളുടെ പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷാജി പ്രവാസിയുടെ ഭാര്യ നല്കിയ മറുപടി കേട്ട് ശരിക്കും പകച്ചു പോയി.
ജോലി ചെയ്യുന്നതിനിടെ പറ്റിയ അപകടത്തിലാണ് ക്രെയിൻ ഓപ്പറേറ്റർ ആയിരുന്ന സമദ് മരണപ്പെടുന്നത്. ഉരുക്ക് പൈപ്പുകൾ ക്രയിന്‍ ഉപയോഗിച്ചു അടുക്കി വക്കുന്നതിനിടെ അബദ്ധത്തിൽ ഉരുണ്ടു വന്ന പൈപ്പുകൾക്കിടയിൽ തല കുടുങ്ങിയാണ് സമദിന് ഗുരുതരമായി പരിക്കു പറ്റുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സമദ് ഈ കമ്പനിയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഇദ്ദേഹം ദമാമില്‍ എത്തിയിട്ട് നാലര വർഷമാകുന്നു. ഒന്നരവർഷം മുൻപാണ് ഇദ്ദേഹം നാട്ടിൽ പോയി മടങ്ങി വന്നത്. സമദിന്റെ മൃതശരീരം ഒരു സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാട്ടിലുള്ള ഇദ്ദേഹത്തിന്റെ ബന്ധുക്കളെ നിരന്തരം ബന്ധപ്പെട്ടെങ്കിലും അവരുടെ ഭാഗത്തു നിന്നും അനുഭാവ പൂർവ്വമായ പ്രതികരണം ആയിരുന്നില്ല ഉണ്ടായിരുന്നത്. ഇതോടെയാണ് കമ്പനി അധികൃതർ ഗൾഫ് ആസ്ഥാനമായി പ്രവർത്തനം നടത്തുന്ന സാമൂഹ്യ പ്രവർത്തകരെ ബന്ധപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട പണവും നഷ്ടപരിഹാര തുകയും മറ്റ് ആനുകൂല്യങ്ങളും ഇതിനോടകം കമ്പനി തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല നാലര മാസത്തോളം ആയുള്ള മോർച്ചറിയുടെ ചാർജും കമ്പനിയാണ് നൽകുന്നത്. എന്നാൽ ബന്ധുക്കൾ അവഗണിച്ചതിനെ തുടർന്ന് എംബസിയുമായി ബന്ധപ്പെട്ട് എങ്ങനെയെങ്കിലും മൃതദേഹം ദമാമിൽ തന്നെ കബറടക്കം നടത്താനുള്ള ശ്രമത്തിലാണ് ഷാജി മതിലകം.