അത് ദൃശ്യം മോഡൽ കൊലപാതകം അല്ല; സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിനെതിരെ സംവിധായകൻ ജിത്തു ജോസഫ്
ചങ്ങനാശ്ശേരിയിൽ ഒരു യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറയുടെ ഉള്ളിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു മൂടി എന്ന വാർത്ത ശരിക്കും അമ്പരപ്പോടെയാണ് കേരളം കേട്ടത്. ഇത് മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രം അനുകരിച്ച് ചെയ്തതാണ് എന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചു.
2013ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിന്റെ മൂലകഥ ഇത്തരത്തിൽ നടന്ന ഒരു കൊലപാതകം മറച്ചു വയ്ക്കുന്നതായിരുന്നു. ഇതോടെ ദൃശ്യം മോഡൽ കൊലപാതകം എന്ന വിശേഷണം പല കൊലപാതകങ്ങൾക്കും ലഭിച്ചു. ഇപ്പോഴിതാ ചങ്ങനാശ്ശേരിയിൽ നടന്ന കൊലപാതകം ദൃശ്യം മോഡലാണ് എന്ന് പ്രചരണത്തിന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്.
ഈ കൊലപാതകത്തിന് പിന്നിൽ ദൃശ്യം സിനിമയാണ് എന്ന പ്രചരണം തെറ്റാണെന്നു അദ്ദേഹം പറയുന്നു. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്ന രീതി സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ ഉള്ളതാണ്. ഒരു സിനിമ കുറ്റകൃത്യത്തിന് കാരണമാകും എന്ന പ്രചാരണം ശരിയല്ലെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായിരുന്നു ദൃശ്യം. അബദ്ധത്തില്‍ പറ്റിയ ഒരു കുറ്റകൃത്യം ഒളിപ്പിക്കുന്നതിന് വേണ്ടി ചിത്രത്തിലെ നായകനായ ഗൃഹനാഥൻ നടത്തുന്ന ശ്രമമാണ് ദൃശ്യം എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
മലയാളത്തിനു പുറമേ വിവിധ ഭാഷകളിൽ ഹിറ്റായി മാറിയ ഈ ചിത്രം വിദേശ ഭാഷകളിലേക്ക് പോലും റീമേക്ക് ചെയ്തിരുന്നു. ചൈനീസ് ഭാഷയിൽ ഇറങ്ങിയ ഈ ചിത്രം വൻ വിജയമായിരുന്നു.പിന്നീട് ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങി, ഇതും വലിയ വിജയമായി മാറി. അതേ സമയം ചങ്ങനാശേരി കൊലപാതക കേസ്സിലെ പ്രതി മുത്തുകുമാറിനെ പോലീസ് പിടി കൂടിയിരുന്നു. എം സീ റോഡില്‍ രണ്ടാം പാലത്തിന് സമീപത്തുള്ള വീട്ടിലാണ് ബിന്ദുകുമാര്‍ എന്നയാളെ കൊന്ന് കുഴിച്ചിട്ടത്.