അവൾ ഏതു രൂപത്തിൽ ആണെങ്കിലും എന്റെ രാജകുമാരിയാണ്; പടച്ചോൻ എങ്ങനെയാണോ തന്നത് അതുപോലെ അവളെ വളർത്തുമെന്ന് മനസ്സില്‍ പറഞ്ഞു; മകളെക്കുറിച്ച് സലീം കോടത്തൂർ
തന്റെ പ്രിയപ്പെട്ട മകളെക്കുറിച്ച് ഗായകൻ സലിം കോടത്തൂർ മനസ്സ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മാനസ് തുറന്ന് സംസാരിച്ചു. തന്റെയും ഭാര്യ സുമീറയുടെയും ജീവിതത്തിലേക്ക് പടച്ചവൻ തന്ന നിധിയാണ് ഹന്നക്കുട്ടി എന്ന് സലിം കോടത്തൂർ പറയുന്നു. മൂത്തമകൾ സിനാൻ പ്ലസ് ടൂവിനും രണ്ടാമത്തെ മകളുടെ പത്താം ക്ലാസിലും പഠിക്കുമ്പോഴാണ് ഭാര്യ സുമീറ മൂന്നാമതും ഗർഭിണിയായത്. അത് എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. ഏറ്റവും നല്ല ആശുപത്രിയില്‍ത്തന്നെ കൊണ്ടുപോയി ചികിത്സ നൽകി. ചികിത്സയും സ്കാനിങ്ങും പരിശോധനകളും കൃത്യസമയത്ത് തന്നെ നടത്തി. തന്റെ പ്രോഗ്രാമുകളുടെ തിരക്കുകൾക്കിടയിലും ഭാര്യയുടെ അടുത്തേക്ക് ഓടിയെത്തുമായിരുന്നുവെന്ന് സലിം പറയുന്നു.
ആരോഗ്യമുള്ള ഒരു കുട്ടിയെ തരണമേ എന്ന് മാത്രമേ പ്രാർഥിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഏഴാം മാസത്തിലാണ് ഇതുവരെ പറയാത്ത കാര്യം ഡോക്ടർമാർ തങ്ങളോട് പറഞ്ഞത്. കുട്ടിക്ക് ഭാരം കുറവാണ്. അതുകൊണ്ട് അമ്മ നന്നായി ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു. ആദ്യം മകൾക്ക് രണ്ട് വിരൽ ഇല്ല എന്ന് മാത്രമാണ് ഡോക്ടർമാർ പറഞ്ഞത്. വിരൽ ഇല്ലെങ്കിലും കുട്ടിക്ക് മറ്റു കുഴപ്പമൊന്നുമില്ലല്ലോ എന്ന് ഓർത്ത് സമാധാനിച്ചു. ഒടുവിൽ വെന്റിലേറ്ററിനുള്ളിൽ കുട്ടിയെ കണ്ടപ്പോൾ ഭയന്നുപോയി. കഷ്ടിച്ച് 950 ഗ്രാം മാത്രം തൂക്കം. ഒരു കുട്ടിക്ക് സാധാരണ ഉണ്ടാകേണ്ട ശാരീരിക വളർച്ച ഇല്ലായിരുന്നു. തന്റെ മകള്‍ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു. അന്ന് മാത്രമാണ് മകളെ ഓർത്തു കരഞ്ഞത്. പിന്നീട് ഒരിക്കലും തന്റെ മകളെ ഓർത്ത് കരയേണ്ടി വന്നിട്ടില്ലെന്ന് സലിം പറയുന്നു.
ജനിച്ച ദിവസങ്ങൾ മാത്രമുള്ള കുട്ടിയെ കയ്യിൽ വെച്ച് തന്നപ്പോൾ ഭയവും സങ്കടവും വല്ലാതെ വർദ്ധിച്ചു. കാരണം തന്റെ ഉള്ളംകൈയുടെ വട്ടത്തിൽ ഒതുങ്ങുന്ന ഒരു കൊച്ചുദേഹം മാത്രമായിരുന്നു അത്. ശ്വാസം എടുക്കുന്നു എന്നത് മാത്രമായിരുന്നു ജീവൻ ഉണ്ട് എന്നതിന്റെ തെളിവ്. മകളെ മുലയൂട്ടുന്നതിന് വേണ്ടി ഭാര്യ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് സലിം പറയുന്നു.
പിന്നീട് നടത്തിയ പരിശോധനയിൽ ഈ കുട്ടി നടക്കുകയോ ഇരിക്കുകയോ സംസാരിക്കുകയോ ചെയ്യില്ലെന്നും കുട്ടിക്ക് പ്രായത്തിനൊത്ത ശാരീരിക വളർച്ച ഉണ്ടാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു. മുടി വളരില്ല, നട്ടെല്ലിൽ നീർക്കെട്ടുണ്ട്, അത് മാറുന്നതിന് സർജറി വേണം,സർജറി ചെയ്താൽ പോലും ജീവൻ രക്ഷിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. പിന്നീട് മറ്റൊരു കാര്യം കൂടി ഡോക്ടർമാർ പറഞ്ഞു. എല്ലാവർക്കും ഹൃദയം ഇടതുവശത്ത് ആണെങ്കിൽ കുട്ടിയുടെ നെഞ്ചിന്റെ വലതു ഭാഗത്താണ് ഹൃദയം അതുകൊണ്ടുതന്നെ ശ്വാസം എടുക്കാൻ ഏറെ ബുദ്ധിമുട്ടും. ഡോക്ടർ ഇത് പറയുമ്പോൾ എല്ലാം സഹിക്കാനുള്ള ശക്തി തരണം എന്ന പ്രാർഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. പടച്ചോൻ എങ്ങനെയാണോ കുട്ടിയെ തന്നത് അതുപോലെ താൻ വളർത്തും എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നു. അവൾ ഏതു രൂപത്തിലും ഏത് അവസ്ഥയിലും ആയാലും തന്റെ രാജകുമാരിയാണെന്നു സ്വയം
പറഞ്ഞുറപ്പിച്ചു. പിന്നീട് വളർച്ചയുടെ ഓരോ ഘട്ടത്തിലും അവൾ ശരിക്കും അത്ഭുതപ്പെടുത്തി. ശാരീരികമായ പരിമിതികൾ മാറ്റിനിർത്തിയാൽ നല്ല ബുദ്ധിശക്തിയും ഓർമ്മശക്തിയും മകള്‍ക്കുണ്ടെന്ന് സലീം പറയുന്നു.