ആശുപത്രിയുടെ മേൽക്കൂരയിൽ അഴുകിയ നിലയിൽ 200 ഓളം മൃതദേഹങ്ങൾ
പാക്കിസ്ഥാനിലെ മുൾട്ടാനിലുള്ള നിസ്കാര്‍ ആശുപത്രിയുടെ മോർച്ചറിയുടെ മേൽക്കൂരയിൽ അഴുകിയ നിലയിൽ 200 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ആശുപത്രിയാണ് നിസ്കാര്‍. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടത്തിൽ ഉള്ളത്. ഭീതിപ്പെടുത്തുന്ന കാഴ്ച്ചയാണ് മേല്‍ക്കൂരയില്‍ കണ്ടെത്തിയത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ആദ്യം ഇവിടേക്ക് പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെങ്കിലും പിന്നീട് സ്വരം കടുപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താനുള്ള അനുമതി ലഭിച്ചത്. ആശുപത്രിയുടെ അധികാര പരിധിയില്‍ ഇടപെടാന്‍ അനുവദിക്കില്ല എന്നൊക്കെ വാദിച്ചെങ്കിലുംഅന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു ടെറസ്സില്‍ എത്തിയ ഉദ്യോഗസ്ഥര്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉൾപ്പെടെ 200 ഓളം മൃതദേഹങ്ങളാണ് തറയിൽ വെറുതെ കൂട്ടിയിട്ടിരുന്നത്.
തങ്ങളുടെ ജീവിതത്തിൽ ഇത്തരം ഒരു കാഴ്ച കണ്ടിട്ടില്ലെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. പല മൃതദേഹങ്ങളും അഴുകിയിരുന്നു. ചിലതില്‍ പുഴു അരിക്കുന്നുണ്ടായിരുന്നു. കാക്കയും കഴുകന്മാരും കൊത്തി വലിക്കുന്ന നിലയിലായിരുന്നു പല ശരീരങ്ങളും. ഉണങ്ങി തറയോടു പറ്റിപ്പിടിച്ചിരുന്നു പല ശരീരങ്ങളും. മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനു ശേഷം മേൽക്കൂരയിൽ തള്ളിയ നിലയില്‍ ആയിരുന്നു മൃതദേഹങ്ങൾ. അനാഥരുടെയും എറ്റു വാങ്ങാന്‍ ആളില്ലാത്തവരുടെയും മൃതദേഹം മറവ് ചെയ്യാതെ ഇത്തരത്തില്‍ ഉപേക്ഷിക്കുക ആയിരുന്നു. ഇത് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉള്ള കടുത്ത അനാസ്ഥ ആണെന്നും ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തുന്നതിന് വീഴ്ച നടത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രവേശ്യാ മുഖ്യമന്ത്രി ഗുജ്ജാർ പറഞ്ഞു.