ഭൂമിക്ക് ദോഷമുണ്ട്, മന്ത്രവാദം നടത്തി ദോഷം മാറ്റിത്തരാം; പലരിൽ നിന്നായി പണം തട്ടിയെടുത്ത പ്രതി ഒടുവിൽ പോലീസ് വലയിലായത് ഇങ്ങനെ
ആഭിചാരക്രിയകളുടെ പേരിൽ പൊതുജനങ്ങളെ പറ്റിച്ച് പണം അപഹരിച്ച കേസിലെ പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭൂമിക്ക് ദോഷമുണ്ടെന്നും മന്ത്രവാദം നടത്തി ദോഷം പരിഹരിക്കാം എന്നും പറഞ്ഞ് പണം തട്ടിയ കരവാളൂർ പഞ്ചായത്തിലെ മാത്ര കുഞ്ചാണ്ടിമുക്കില്‍ തേറാക്കുന്നിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന വയനാട് ലക്കിടി സ്വദേശിയായ രമേശ് എന്ന 38 കാരനെയാണ് പോലീസ് പിടികൂടിയത്.
ഇയാൾ രണ്ടുവർഷം മുൻപാണ്,ഇത്തരത്തിൽ പലരെയും പറ്റിച്ച് പണം കൈവശപ്പെടുത്തി കടന്നു കളഞ്ഞത്. മാത്രയില്‍ ഒരു തട്ടുകടയിൽ ജോലിക്ക് വന്ന ഇയാൾ നരിക്കൽ സ്വദേശിയായ പ്രേംജിത്തുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. പിന്നീട് വസ്തുവിനു ദോഷമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ദോഷം മാറ്റുന്നതിന് വസ്തുവിൽ പൂജ നടത്തണമെന്നും ധരിപ്പിച്ചു. പൂജയുടെ പേരിൽ പലപ്പോഴായി 80,000രൂപ പ്രേംജിത്തിന്റെ കയ്യിൽ നിന്നും വാങ്ങി. പിന്നീട് ഇയാൾ ആ പണവുമായി വിദേശത്തേക്ക് മുങ്ങി. നാലു ദിവസം മുൻപാണ് ഇയാൾ പിന്നീട് വിദേശത്ത് നിന്നും തിരികെ വന്നത്. വാങ്ങിയ പണം തിരികെ ചോദിച്ചെങ്കിലും ഇയാൾ തരാൻ കൂട്ടാക്കിയില്ല. താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായ പ്രേംജിത്ത് കഴിഞ്ഞ ദിവസം പുനലൂർ പോലീസിൽ പരാതി നൽകി. തുടര്‍ന്നു നാട്ടുകാരുടെയും മറ്റും സഹായത്തോടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൽപ്പറ്റയിലും നിലമ്പൂരും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇയാൾ ഇതേ രീതിയിൽ പണം തട്ടിയതായി പോലീസിനു വിവരം ലഭിച്ചു. മാത്രമല്ല വിദേശത്ത് ജോലി ചെയ്യുന്നതിനിടെ കാസർകോട് സ്വദേശിയിൽ നിന്നും ഇയാൾ ദുർ മന്ത്രവാദത്തിന്റെ പേരിൽ 15 ലക്ഷത്തോളം രൂപ തട്ടിയെടുത്താണ് നാട്ടിലേക്ക് കടന്നു കളഞ്ഞതെന്നും കണ്ടെത്തി. ഇയാൾ നിരവധി തട്ടിപ്പുകളിൽ ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം ഒന്നും ഇത് കൂടുതൽ അന്വേഷണത്തിൽ നിന്ന് മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.