ട്രെയിന് മുന്നിൽ അകപ്പെട്ടുപോയ മിത്രയെ കുതിച്ചെത്തി ജീവിതത്തിലേക്ക് കോരിയെടുത്ത് പവിത്ര; എട്ടാം ക്ലാസുകാരിയുടെ ധീരതയ്ക്ക് നാടിന്റെ ആദരം
ട്രെയിന് മുന്നിൽ അകപ്പെട്ടുപോയ തന്റെ അനുജത്തിയെ ഒരു നിമിഷം പോലും പകച്ചു നിൽക്കാതെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പവിത്ര എന്ന 12 കാരി. പുന്നപ്ര പനച്ചുവട് ലെവൽ ക്രോസ് സമീപത്ത് പാലത്തിൽ നിന്ന് തന്റെ സഹോദരി മിത്ര എന്ന ഏഴ് വയസുകാരിയാണ് പവിത്ര ഓടിയെത്തി ജീവിതത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ടു വന്നത്.
സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ്. ട്രെയിൻ പാലത്തിനോട് ചേർന്നാണ് ഈ സഹോദരങ്ങളുടെ വീട്. ഇവരുടെ ഒരു ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ആ മരണ വീട്ടിലേക്ക് പ്രാർത്ഥനയ്ക്കായി പാളം മുറിച്ചു കടന്ന് പോവുകയായിരുന്നു മിത്ര. അപ്പോഴാണ് ദൂരെ നിന്നും ട്രെയിൻ വരുന്നത്. മിത്ര പാളത്തിലൂടെ വരുന്നത് കണ്ട് ബന്ധുക്കളും മറ്റും ഉച്ചത്തിൽ നിലവിളിച്ചു. അതേ സമയം വീടിനോട് ചേർന്ന് കളിച്ചു കൊണ്ടിരുന്ന പവിത്ര അപ്പോഴാണ് സംഭവം കാണുന്നത്. നോക്കുമ്പോൾ അനിയത്തി മിത്ര പാളത്തിൽ. ദൂരെ നിന്ന് ട്രെയിൻ വരുന്നതും കാണാം. ഉടൻ തന്നെ രണ്ടാമതൊന്നും ചിന്തിക്കാതെ പവിത്ര അനുജത്തിയുടെ അടുത്തേക്ക് പാഞ്ഞെത്തി. സഹോദരിയെ പാളത്തിൽ നിന്നും വലിച്ചു താഴെ ഇറക്കുന്നതിനിടെ ഇരുവരും പാലത്തിന് സമീപത്തുള്ള മെറ്റൽ കൂനയിലേക്ക് വീണു. ഇതിനിടെ ട്രെയിൻ കടന്നു പോവുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും ജീവന്‍ തിരിച്ചു കിട്ടിയത്.
പുന്നപ്ര കപ്പക്കട വലിയ തൈപ്പറമ്പിൽ സജിമോന്റെയും പ്രവീണയുടെയും മക്കളാണ് പവിത്രയും മിത്രയും. അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പവിത്ര,മിത്ര ഇതേ സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു.