രണ്ടു മുതിർന്ന പൗരന്മാർ അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മനുഷ്യ ബന്ധത്തിന്റെ പൂർത്തീകരണം; ഇതിൽ മറ്റു വ്യക്തികള്‍ക്ക് ഇടപെടാൻ അവകാശമില്ല; ഹൈക്കോടതി
പ്രായപൂർത്തിയായ ഒരാൾ ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് മനുഷ്യ ബന്ധത്തിന്റെ പൂർത്തീകരണം ആണെന്നും ഇതിൽ മൂന്നാമതൊരു വ്യക്തിക്ക് ഇടപെടാൻ അവകാശം ഇല്ലെന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയെ അവരുടെ കുടുംബാംഗങ്ങൾ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി എന്നും അതുകൊണ്ട് ഭാര്യയെ വിട്ടു കിട്ടണം എന്ന് കാണിച്ച് ഭർത്താവ് നൽകിയ ഹേബിയസ് കോര്‍പ്പസ്സ് സർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരമൊരു നിരീക്ഷണം മുന്നോട്ടു വച്ചത്. പരസ്പര സമ്മതമനുസരിച്ച് രണ്ടു മുതിർന്ന വ്യക്തികൾ അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മനുഷ്യബന്ധത്തിന്റെ പൂർത്തീകരണമാണ്. ഇതിൽ മറ്റ് വ്യക്തികൾക്ക് ഇടപെടാൻ യാതൊരു അവകാശവുമില്ല.
അതേ സ്മയം താനും ഭാര്യയും ക്ഷേത്രത്തിൽ വച്ച് വിവാഹിതരാണെന്നും തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. താൻ പങ്കാളിയുമായി സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിച്ചു വരുന്നതിനിടെയാണ് യുവതിയുടെ അമ്മാവനും ബന്ധുക്കളും സഹോദരന്മാരും ചേർന്ന് അവരെ നിർബന്ധിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്ന് ഇയാൾ കോടതിയെ അറിയിച്ചു.
ഹര്‍ജി പരിഗണിച്ച കോടതി യുവതിയെയും കൂട്ടി കുടുംബം കോടതിയിൽ ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നു കോടതിയില്‍ എത്തിയ യുവതി തനിക്ക് യുവാവിന്റെ ഒപ്പം ജീവിക്കാൻ ആണ് തല്പര്യം എന്നും തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും കോടതിയെ അറിയിച്ചു. മാത്രമല്ല ഹർജിക്കാരനായ യുവാവ് തന്റെ ഭർത്താവാണെന്നും അദ്ദേഹത്തിന്റെ ഒപ്പം ദാമ്പത്യ ജീവിതം നയിക്കാൻ ആണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവർ കോടതിയില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയെ ഭർത്താവിന്റെ ഒപ്പം വിടാൻ അനുവദിച്ച് കോടതി കേസ് തീർപ്പാക്കി.