ബ്രോയിലർ കോഴിയുടെ കരൾ കഴിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ഉറപ്പായും ഇത് വായിച്ചിരിക്കണം
കോഴിയിറച്ചി വറുത്തും പൊരിച്ചും കറിവച്ചുമൊക്കെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ അത്തരം സാഹചര്യങ്ങളിൽ പോലും കരൾ കഴിക്കുന്നത് പലരും ഒഴിവാക്കാറുണ്ട്. കരളില്‍ കൊഴുപ്പ് കൂടുതൽ ഉണ്ട് എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ബ്രോയിലർ കോഴിയുടെ കരൾ പലരും ഒഴിവാക്കാറുള്ളത്. ശരിക്കും അങ്ങനെ ഒഴിവാക്കി നിര്‍ത്തേണ്ടതാണോ കരള്‍.
ബ്രോയിലർ കോഴിയുടെ കരൾ കഴിക്കുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ട്. കരളില്‍ ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കരളിൽ നിന്നും 17 ഗ്രാം പ്രോട്ടീൻ ഉണ്ടെന്നാണ് കണക്ക്. ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർ കരൾ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾ ധാരാളമായി ഡയറ്റില്‍ ഉൾപ്പെടുത്തണം.100 ഗ്രാം കരളിൽ വെറും 116 കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
അതുപോലെതന്നെ കുട്ടികളിലെ വിളർച്ച പരിഹരിക്കുന്നതിന് കരൾ വളരെ മികച്ച ഒരു ഭക്ഷണമാണ്. കരളിൽ , വിറ്റാമിൻ എ , വിറ്റാമിൻ ബീ 2 , സെലീനിയം , കോപ്പർ ഫോളിക്ആസിഡ് , ഇരുമ്പ് തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബ്രോയിലർ കോഴിയുടെ കരളിൽ ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണ്.
ധാരാളം പച്ചക്കറി കഴിച്ചെങ്കിൽ മാത്രമേ കുട്ടികളിൽ ഫോളിക് ആസിഡ് ഉൾപ്പെടെയുള്ള പല പോഷകങ്ങളും ലഭ്യമാവുകയുള്ളൂ. എന്നാൽ ഒന്നോ രണ്ടോ കഷ്ണം കരൾ കഴിക്കുന്നത് പച്ചക്കറിയിൽ നിന്ന് ലഭിക്കുന്നതോ, അല്ലങ്കില്‍ അതിൽ കൂടുതലായ അളവിലോ ഉള്ള ഇരുമ്പും മറ്റ് പോഷകങ്ങളും ശരീരത്തിന് ലഭിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.