ഋഷി സുനക് ബ്രിട്ടനിലെ അതിസമ്പന്നന്; സമ്പത്തില്‍ ചാൾസ് രാജാവിനെക്കാൾ ബഹുദൂരം മുന്നിൽ; അറിയാം ബ്രിട്ടണിലെ പുതിയ പ്രധാനമന്ത്രിയുടെ വിശേഷങ്ങള്‍
ഇന്ത്യൻ വംശജനായ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ബ്രിട്ടനിലെ അതിസമ്പന്നന്മാരിൽ ഒരാളാണ് ഇദ്ദേഹം. സമ്പത്തിന്റെ കാര്യത്തിൽ ചാൾസ് മൂന്നാമൻ രാജാവിനേക്കാൾ ബഹുദൂരം മുന്നിലാണ് ഋഷി സുനക് എന്ന് പറയുമ്പോഴാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ വലുപ്പം എത്രത്തോളം ഉണ്ടെന്ന് അറിയാൻ കഴിയുക. ചാൾസ് മൂന്നാമന്റെ സമ്പാദ്യം 2800 കോടി രൂപയാണ്, എന്നാൽ ഋഷി സുനകിനും അദ്ദേഹത്തിന്റെ ഭാര്യയും ഇന്‍ഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകളുമായ അക്ഷതക്കും കൂടിയുള്ള സമ്പാദ്യം 6800 കോടിയോളം രൂപയാണ്.
ബ്രിട്ടനില്‍ നേരത്തെ തന്നെ വാർത്തകളിലെ നിറ സാന്നിധ്യമാണ് ഋഷി സുനകും കുടുംബവും. ആഡംബര ജീവിതത്തിന്റെ പേരിലും നികുതി വെട്ടിപ്പ് നടത്തി എന്നതിന്റെ പേരിലും പലപ്പോഴും ഋഷി സുനകും കുടുംബവും വിവാദത്തിൽ പെട്ടിട്ടുണ്ട്. രാജ്യത്തിന് പുറത്തു നിന്നും ലഭിക്കുന്ന വരുമാനത്തിന് ഋഷി സുനകിന്റെ ഭാര്യ അക്ഷത നികുതി അടയ്ക്കുന്നില്ല എന്ന വിവാദം ബ്രിട്ടനിൽ സജീവമായിരുന്നു. ഇതിന്റെ പ്രധാനകാരണം ബ്രിട്ടനിൽ സ്ഥിരതാമസത്തിന് അനുമതിയില്ലാത്ത അക്ഷതയ്ക്ക് നികുതി ഇനത്തിൽ ഇളവ് ഉണ്ടായിരുന്നു. ഈ ഇളവ് അവർ മുതലെടുത്തു എന്ന തരത്തിൽ പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ തനിക്ക് വിദേശത്തു നിന്നും ലഭിക്കുന്ന വരുമാനത്തിനും ബ്രിട്ടനിലെ നിയമമനുസരിച്ച് നികുതി നൽകാൻ തയ്യാറാണെന്ന് കാട്ടി അക്ഷത ഈ വിവാദത്തില്‍ നിന്നും തലയൂരിയായിരുന്നു.
ഏറ്റവും ഒടുവിലായി അക്ഷത വിരുന്നു നൽകിയ ചായക്കപ്പയുടെ വിലയും വലിയ വിവാദത്തിന് കാരണമായിരുന്നു. എമ്മ ലേസി എന്ന ബ്രാൻഡ് ആണ് ഇവർ സൽക്കാരത്തിന് ഉപയോഗിച്ചിരുന്നത്. ഇത് വളരെ വിലപിടിപ്പുള്ള ഒരു ബ്രാൻഡ് ആണ് എന്നതാണ് വിവാദത്തിലേക്ക് നയിച്ചത്. ഒരു കപ്പിന് 3500 അധികം രൂപയോളമാണ് വില.
ആഡംബര ജീവിതത്തിന് സമൂഹ മാധ്യമത്തിൽ വലിയ വിമർശനം നേരിട്ടിട്ടുള്ളവരാണ് ഋഷി സുനകും കുടുംബവും. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഭാര്യ അക്ഷത. എന്നാൽ അതിലൊന്നും പ്രതികരിക്കാൻ അവർ തയ്യാറായിട്ടില്ല. പഠനകാലത്തുള്ള പരിചയമാണ് അക്ഷതയും ഋഷി സുനകും തമ്മിൽ.