സെയിൽസ് ടാർജറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ മാനേജർ യുവാവിന്റെ തല ക്ലോക്ക് കൊണ്ട് അടിച്ചു പൊട്ടിച്ചു
സെയിൽസ് ടാർജറ്റ് അച്ചീവ് ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നതില്‍ രോഷം പൂണ്ട് യുവാവിനെ മാനേജർ ക്ലോക്ക് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. സംഭവം നടന്നത് മുംബൈയിലാണ്. ബോറിവിലി സ്വദേശിയായ ആനന്ദ ഹവൽദാർ സിംഗ് ആണ് ടാർജറ്റ് പൂർത്തിയാക്കിയില്ല എന്ന പേരിൽ മാനേജറിൽ നിന്നും ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. അമിത് സുരേന്ദര്‍ സിംഗ് ആണ് ആനന്തിനെ ക്ലോക്ക് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്. ആനന്ദ ഹവൽദാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ആനന്ത് . സെപ്റ്റംബർ മാസത്തിൽ 5 ലക്ഷം രൂപയുടെ ബിസിനസ് പൂർത്തിയാക്കണമെന്ന് ആനന്ദിനോട് കമ്പനി ആവശ്യപ്പെട്ടിരുന്നു . എന്നാൽ കിണഞ്ഞു പരിശ്രമിച്ചിട്ടും ആനന്ദിന് കമ്പനി നൽകിയ ഈ ടാർജറ്റ് അച്ചീവ് ചെയ്യാൻ കഴിഞ്ഞില്ല . ഇതോടെ ഇദ്ദേഹം കമ്പനിയുടെ ഏരിയ മാനേജരായ അമിത്തിനെ നേരിൽ കണ്ട് രാജി വെക്കാനുള്ള സന്നദ്ധത അറിയിച്ചു. എന്നാൽ അമിത് സിംഗ് ആനന്ദിന്റെ രാജി സ്വീകരിക്കാന്‍ തയ്യാറായില്ല. മറ്റ് ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് ആനന്തിനോട് മോശമായി സംസാരിക്കുകയും കയര്‍ക്കുകയും ചെയ്ത ഇദ്ദേഹം തന്റെ ടേബിളിൽ വച്ചിരുന്ന ക്ലോക്ക് എടുത്ത് ആനന്ദിന്റെ തലയിൽ അടിക്കുകയായിരുന്നു. ആഴത്തില്‍ മുറിവ് പറ്റിയ ആനന്ദനെ ഉടൻ തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആനന്ത് പോലീസ്സില്‍ പരാതി നല്കി. ജോലിക്കാരനോട് മോശമായി പെരുമാറിയ അമിത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തിലെ വര്‍ക്ക് പ്രഷര്‍ അസഹനീയമാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ജീവനക്കാര്‍ പറഞ്ഞു. സംഭവം വലിയ വാര്‍ത്ത ആയതോടെ സ്ഥാപനത്തിനെതിരെ സമൂഹ മാധ്യമത്തിലടക്കം വിമര്‍ശനം വ്യാപകമാണ്.