വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നാലുമാസം മുൻപ് വിവാഹം; തിരുവോണ ദിവസം ആത്മഹത്യ; ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
വിവാഹം കഴിഞ്ഞ് നാലു മാസം കഴിയുന്നതിനിടെ നവവധു ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവോണ ദിവസമാണ് പേരൂർക്കട സ്വദേശിനിയായ സംജിത എന്ന 28 കാരി ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട ഇവരുടെ ഭർത്താവായ പാലക്കാട് സ്വദേശി ബിജു ടൈറ്റസിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവോണ ദിവസമാണ് വീട്ടിലെ ഫാനിൽ ഷാൾ കുരുക്കി സംജിത ആത്മഹത്യ ചെയ്തത്. രാവിലെ 11 മണിക്ക് ആയിരുന്നു മരണം. ഇരുവരുടെ വിവാഹം കഴിഞ്ഞത് നാല് മാസം മുൻപായിരുന്നു.
ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി നോക്കി വരികയായിരുന്നു സംജിത. ഭർത്താവ് ബിജുവിന് കൺസ്ട്രക്ഷൻ വർക്കാണ്. ഇരുവരും വളരെ വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സംജിത പിണങ്ങി സ്വന്തം വീട്ടിൽ പോയി നിന്നു. പിന്നീട് ഈ മാസം ആറാം തീയതി ബിജുവാണ് സംജിതയെ തിരികെ കൂട്ടിക്കൊണ്ട് വന്നത്. വീട്ടിൽ തിരികെയെത്തിയ സംജിതയും ബിജുവിന്റെ അമ്മയും തമ്മിൽ വഴക്കിട്ടു. ഇതോടെ ബിജു സംജിതയേ ദേഹോപദ്രവം ഏൽപ്പിച്ചു. ഇതോടെ രണ്ടാമത്തെ നിലയിലുള്ള റൂമിൽ കയറി തൂങ്ങുകയായിരുന്നു സംജിത. സംഭവം കണ്ട് ബിജു ഉടൻ തന്നെ സംജിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രകടന ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം സ്ത്രീധന പീഡനം അല്ല മരണകാരണമെന്ന് പോലീസ് പറഞ്ഞു.