കോളേജ് ടൂർ എന്ന് പറഞ്ഞ് ഷാരോണും ഗ്രീഷ്മയും തൃപ്പരപ്പ് ശിവക്ഷേത്രത്തിന് അടുത്തുള്ള റിസോർട്ടിൽ മൂന്നുദിവസം താമസിച്ചതായി സൂചന
പാറശാല ഷാരോൺ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് തുടരുകയാണ്. ഇതിന്റെ ഭാഗമായി മുഖ്യപ്രതി ഗ്രീഷ്മയെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വളരെ നിർണായകമായ വിവരങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്.
ഈ വീട്ടില്‍ നിന്നും കഷായം ഉണ്ടാക്കുന്നതിന് ഉപയോഗിച്ച പാത്രവും അത് നൽകാൻ ഉപയോഗിച്ച ഗ്ലാസും വിഷമാണെന്ന് സംശയിക്കുന്ന ഒരു പൊടിയും പോലീസിന് ലഭിച്ചിരുന്നു. എന്നാൽ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന പൊടി ഇതുതന്നെയാണോ എന്ന് ഫോറൻസിക് പരിശോധന നടത്തിയെങ്കിൽ മാത്രമേ അറിയാൻ കഴിയുള്ളൂ. തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ പിതാവിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
തെളിവെടുപ്പിന് എത്തിച്ച ഗ്രീഷ്മയുടെ മുഖം കറുത്ത തുണികൊണ്ട് മറച്ചിരുന്നു. ഗ്രീഷ്മ സംഭവം നടന്ന ദിവസത്തെ വിവരങ്ങൾ പോലീസിന് വിശദീകരിച്ചു. ഇരുവരും വീട്ടിലെ ലിവിങ് റൂമിൽ കുറച്ച് സമയം ചെലവഴിച്ചതിനു ശേഷം കിടപ്പു മുറിയിലേക്ക് പോയെന്നും ഇവിടെ വച്ചാണ് വിഷം അടങ്ങിയ കഷായം ഷാരോണിന് നൽകിയതെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. വീട്ടിലെ അലമാരയിൽ നിന്നും താലിയും ചരടും പരീക്ഷയിൽ ജയിച്ചപ്പോൾ ഷാരോൺ നൽകിയ വളയും പോലീസിന് ലഭിച്ചു.
പലതവണ താൻ ഷാരോണിനെ ജ്യൂസിൽ വിഷം കലക്കി കൊലപ്പെടുത്താൻ ശ്രമിച്ചതായി ഗ്രീഷ്മ സമ്മതിച്ചു എന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ഷാരോണിന്റെ വീട്ടിൽ വച്ച് വിവാഹം നടത്തിയതിന് ശേഷം കോളേജ് ടൂർ ആണെന്ന് പറഞ്ഞു ഇരുവരും കൂടി തൃപ്പരപ്പ് ശിവക്ഷേത്രത്തിന് അടുത്തുള്ള ഒരു റിസോർട്ടിൽ പോയി റൂമെടുത്ത് മൂന്ന് ദിവസത്തോളം താമസിച്ചതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവിടെയും എത്തി തെളിവ് ശേഖരിക്കാൻ ആണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.