ജനിക്കുന്നത് പെൺകുഞ്ഞെങ്കിൽ ഒരു രൂപ പോലും ചെലവില്ല; ഡോക്ടറിന് ഫീസും വേണ്ട; വേറെയും ആനുകൂല്യങ്ങൾ
ഇന്ത്യയിൽ പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ പെൺ ഭ്രൂണഹത്യകൾ പെരുകുന്നതായി നേരത്തെ തന്നെ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. നിയമപരമായി ഇത് കുറ്റകരമാണെങ്കിൽ പോലും ഇപ്പോഴും ഇത് തുടരുന്നു. പല കുടുംബങ്ങളും ഒരു ബാധ്യതയായിട്ടാണ് ഇതിനെ കാണുന്നത്. പെൺകുട്ടികൾ ഒരു ശാപമാണെന്ന് കരുതുന്ന ഒരു സമൂഹം ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. ഇത് അറിയാവുന്നത് കൊണ്ട് തന്നെ പൂന സ്വദേശിയായ ഡോക്ടർ ഗണേഷ് രാഖ് 11 വർഷങ്ങൾക്ക് മുൻപ് ഒരു തീരുമാനമെടുത്തു. തന്റെ ആശുപത്രിയിൽ പ്രസവത്തിനു എത്തുന്ന സ്ത്രീകൾ പെൺകുട്ടികളെ പ്രസവിച്ചാൽ അവരിൽ നിന്നും താൻ ഒരു രൂപ പോലും ഫീസായി ഈടാക്കില്ല എന്ന്. ഇവിടെ എത്തുന്ന സ്ത്രീകള്‍ പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചാല്‍ മുഴുവൻ ചെലവും സൗജന്യമാണ്. പ്രസവത്തിനുശേഷം ഒരു രൂപ പോലും ചിലവാക്കാതെ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങാം . പെൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് വേണ്ടി പ്രത്യേകമായ ആഘോഷങ്ങളും നടത്തും. മധുരം വിതരണം ചെയ്യും. അലങ്കരിച്ച വാഹനത്തിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കുകയും ചെയ്യും.
ജനിക്കുന്നത് പെൺകുഞ്ഞ് ആണെന്ന് കണ്ടാൽ കൊന്നുകളയുന്ന ഒരു ചിന്താഗതിയിൽ നിന്നും ഒരു മാറ്റം സമൂഹത്തിന് ഉണ്ടാകണം എന്ന ആഗ്രഹമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ 11 വർഷത്തിനിടെ 20430 പെൺകുഞ്ഞുങ്ങൾ ഈ ആശുപത്രിയിൽ ജനിച്ചിട്ടുണ്ട്. ഓരോ പെൺകുട്ടിയുടെയും ജനനം ഈ ആശുപത്രിയിലെ അധികൃതർ ചേർന്ന് ആഘോഷമാക്കിയിട്ടുണ്ടെന്ന് ഡോക്ടർ ഗണേഷ് രാഖ് പറയുന്നു . ഇന്ന് രാജ്യത്തിനൊന്നാകെ ഒരു മാതൃകയാണ് ഈ ആശുപത്രി.