സ്കൂൾ ബസ്സിനുള്ളിൽ ഇരുന്ന് ഉറങ്ങിപ്പോയ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം; കുട്ടി ബസിനുള്ളില്‍ ഉള്ളതറിയാതെ ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോയത് മിൻസയുടെ അന്ത്യത്തിൽ കലാശിച്ചു
സ്കൂൾ ബസ്സിനുള്ളിൽ വച്ച് ഉറങ്ങിപ്പോയ നാലു വയസ്സുകാരി ബസ്സിനുള്ളിലെ കൊടും ചൂട് താങ്ങാനാവാതെ അതി ദാരുണമായി മരണത്തിന് കീഴടങ്ങി. ദോഹയിലെ സ്കൂളിൽ പഠിക്കുന്ന കെ ജി വൺ വിദ്യാർഥിനിയായ മിൻസാ ആണ് ബസ്സിനുള്ളിൽ വച്ച് മരണപ്പെട്ടത്. ബസ്സിനുള്ളിൽ കിടന്ന് കുട്ടി ഉറങ്ങിയത് ജീവനക്കാർ കണ്ടിരുന്നില്ല. ഇതാണ് കുട്ടിയുടെ മരണത്തില്‍ കലാശിച്ചത്.
ബസ്സിനുള്ളില്‍ പരിശോധിക്കാതെ കുട്ടികളെ സ്കൂളില്‍ ഇറക്കി വിട്ടതിന് ശേഷം സ്കൂള്‍ ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുക ആയിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാൻ ആവാതെയാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. ഉച്ചയോടെ കുട്ടികളെ തിരികെ കൊണ്ടു പോകുന്നതിന് വേണ്ടി ബസ് എടുത്തപ്പോള്‍ ആണ് കുട്ടി ബസിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടർന്ന് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മകളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചു എങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
കോട്ടയം ചിങ്ങവനം സ്വദേശിയായ അഭിലാഷിന്റെയും സൗമ്യയുടെയും മകളാണ് മിൻസ. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ടു വരും . സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ.