പ്രണയിച്ചതിനു ശേഷം വിവാഹം കഴിക്കാൻ പറ്റില്ലെന്നു പറയുന്നത് വഞ്ചനയല്ല; ഹൈക്കോടതി
ഒരു വ്യക്തിയെ പ്രണയിച്ചതിനു ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയായി കണക്കാക്കാൻ ആവില്ലെന്ന് ഹൈക്കോടതി. ഇതിൽ ഐ പി സി സെക്ഷൻ 420 ബാധകമല്ലെന്നും കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
മുൻ കാമുകനെതിരെ യുവതി നൽകിയ വിശ്വാസവഞ്ചന പരാതിയുമായി ബന്ധപ്പെട്ടു എഫ് ഐ ആർ പരിഗണിക്കുന്നതിനിടയാണ് ജസ്റ്റിസ് കെ നടരാജൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനും കുടുംബത്തിനും എതിരെ യുവതി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്തിരുന്ന എഫ് ഐ ആർ ഹൈക്കോടതി റദ്ദ് ചെയ്തു. കാമുകനും വീട്ടുകാരും തന്നെ വഞ്ചിച്ചു എന്ന് കാണിച്ചു 2020-നാണ് യുവതി രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനും കുടുംബത്തിനും എതിരെ പോലീസ് കേസെടുത്തു എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിരുന്നു.
എട്ടു വർഷത്തോളമായി പ്രസ്തുത യുവാവും യുവതിയും പ്രണയത്തിലായിരുന്നു. എന്നാൽ യുവാവിന്റെ വീട്ടുകാർ മറ്റൊരു പെൺകുട്ടിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചു. തുടർന്ന് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് യുവാവ് അറിയിച്ചു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരാതി ഫയലിൽ സ്വീകരിച്ച് എഫ് ഐ ആര് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെയാണ് യുവാവും കുടുംബവും ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്മേലാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്. പ്രണയിച്ചതിന് ശേഷം വിവാഹം കഴിക്കാതിരിക്കുന്നത് ഒരിയ്ക്കലും വഞ്ചനയായി കണക്കാക്കാന്‍ കഴിയില്ലന്നു കോടതി ചൂണ്ടിക്കാട്ടി.