രാത്രി 10 മണിക്ക് മുൻപ് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്ന് നിര്‍ദേശം; ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്കും വേണ്ട; കോഴിക്കോട് മെഡിക്കൽ കോളേജിൽ മുന്നിൽ വിദ്യാർഥിനികളുടെ പ്രതിഷേധം
കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധ പ്രകടനവുമായി വിദ്യാർഥിനികൾ രംഗത്ത് . രാത്രി 10 മണിക്ക് ഹോസ്റ്റൽ അടക്കുമെന്ന ചട്ടം നിർബന്ധമാക്കിയത് ചോദ്യം ചെയ്താണ് വിദ്യാർഥിനികൾ റോഡിലിറങ്ങി പ്രതിഷേധം നടത്തിയത്.
നേരത്തെ 10 മണിക്ക് ശേഷം വിദ്യാർത്ഥികളെ ഹോസ്റ്റലില്‍ കയറാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്. പ്രാക്ടിക്കലും മറ്റും കഴിഞ്ഞ് റൂമില്‍ എത്തുമ്പോൾ സമയം വൈകുമെന്ന് വിദ്യാർഥിനികൾ പറയുന്നു. സുരക്ഷയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് സി സി ടിവി തുടങ്ങിയ ഒരു സംവിധാനവും ഇവിടെ ഇല്ലെന്നും വിദ്യാർഥിനികൾ ആരോപണം ഉന്നയിക്കുന്നു.
ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയന്ത്രണങ്ങൾ ഒന്നുമില്ല. പെൺകുട്ടികൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള നിയന്ത്രണം വെച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് അനാവശ്യമാണെന്നും ഈ നിയന്ത്രണം പിന്‍വലിക്കണമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥിനികൾ പറയുന്നു. 9 30 നാണ് ആൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്ന് അധികൃതര്‍ നിഷ്കര്‍ശിച്ചിട്ടുള്ളത്. പക്ഷേ അവരുടെ കാര്യത്തിൽ ഒരു നിയന്ത്രണവും ബാധകമല്ല. എന്നാല്‍ നിയമം പാലിക്കാത്ത പെണ്‍കുട്ടികള്‍ ഹോസ്റ്റലിൽ നിന്നും ഒഴിവാക്കണം എന്നാണ് അധികൃതർ വിദ്യാർഥിനികളോട് പറഞ്ഞത്. നേരത്തെയും ഈ വിഷയം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും അധികൃതരുടെ
ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യനീതിയാണ് വേണ്ടത്. ആണ്‍കുട്ടികള്‍ക്കില്ലാത്ത എന്തു പ്രത്യേക്തയാണ് പെണ്‍കുട്ടികള്‍ക്ക് ഉള്ളതെന്ന് വിദ്യാര്‍ത്ഥിനികള്‍ ചോദിക്കുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വിദ്യാർത്ഥിനികൾ റോഡില്‍ ഇറങ്ങി പ്രതിഷേധം നടത്തിയത്. പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനാൽ പിന്നീട് വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പിലാണ് വിദ്യാർത്ഥിനികൾ പിരിഞ്ഞു പോയത്.