ചികിത്സാ പിഴവ്; 17 കാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടറിനെതിരെ പോലീസ് കേസെടുത്തു
തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 17 കാരന്റെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ഡോക്ടർ വിജുമോനെതിരെ പോലീസ് കേസെടുത്തു. സുൽത്താൻ എന്ന 17 കാരനാണ് കൈനഷ്ടമായത്. തലശ്ശേരി ജനറൽ ആശുപത്രിയിലെ എല്ലു രോഗവിദഗ്ധനായ ഡോക്ടർ വിജുവിനെതിരെയാണ് പോലീസ് കേസെടുത്തത്. ചികിത്സാ പിഴവ് സംഭവിച്ചു എന്ന് കണ്ടാണ് തലശ്ശേരി പോലീസ് കേസെടുത്തത്.
ഫുട്ബോൾ കളിക്കുന്നതിനിടെ ഉണ്ടായ വീഴ്ചയിലാണ് സുൽത്താന്റെ എല്ലിന് പൊട്ടൽ ഉണ്ടാവുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കൈ മുറിച്ച് മാറ്റേണ്ട സാഹചര്യമുണ്ടായത് എന്നാണ് ബന്ധുക്കൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. അബൂബക്കർ സിദ്ദിഖിന്റെ മകൻ സുൽത്താനാണ് ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിൽ കൈ നഷ്ടപ്പെട്ടത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് സുല്‍ത്താന്‍.
ഒക്ടോബർ 30ന് വൈകിട്ട് വീടിന് സമീപത്തുള്ള ഗ്രൗണ്ടിൽ കളിക്കുന്നതിനിടയാണ് വീണ് എല്ലിന് പൊട്ടൽ സംഭവിക്കുന്നത്. ഉടൻ തന്നെ സുൽത്താനെ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപ്പോൾ അവിടുത്തെ എക്സറേ മിഷൻ കേടായിരുന്നു. തുടർന്ന് എക്സറേ എടുക്കുന്നതിനുവേണ്ടി കൊടുവള്ളി കോർപ്പറേറ്റ് ആശുപത്രിയിൽ കൊണ്ടു പോയി, ഒരു മണിക്കൂറിനകം എക്സ്റേയുമായി ജനറൽ ആശുപത്രിയിൽ തിരികെയെത്തി. കുട്ടിയുടെ രണ്ട് എല്ലുകള്‍ പൊട്ടിയതായി എക്സ് റെയിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു. അതിന്റെ ചിത്രം എടുത്ത് എല്ല് വിഭാഗം ഡോക്ടറിന് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് കയ്യിൽ സ്കെയിൽ വച്ച് കെട്ടി. അപ്പോഴേക്കും കുട്ടിക്ക് വേദന അസഹ്യമായി. അടുത്ത ദിവസം തന്നെ ഡോക്ടർ വിജുമോൻ ശസ്ത്രക്രിയ നിർദ്ദേശിച്ചു. ഈ ശസ്ത്രക്രിയ നടത്തിയതിലൂടെ ഒരു പൊട്ടല്‍ പരിഹരിച്ചുവെന്നും ഇദ്ദേഹം അറിയിച്ചു. പിന്നീട് നവംബർ 11നാണ് കുട്ടിയെ മെഡിക്കൽ കോളേജ് ലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും മികച്ച ചികിത്സ ലഭിച്ചിരുന്നില്ല എന്ന് കുടുംബം ആരോപിക്കുന്നു. അവിടെവച്ചാണ് കുട്ടിയുടെ കൈ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞത്. തുടര്‍ന്നു കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് കുട്ടിയുടെ കൈമുട്ടിന് താഴെയുള്ള ഭാഗം മുറിച്ചുമാറ്റി. അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതുകൊണ്ടാണ് കൈ മുറിച്ച് മാറ്റേണ്ടി വന്നതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.