ഡേവിഡ് കള്ളനാണ്; പക്ഷേ ഡേവിഡ് മോഷ്ടിച്ചതൊന്നും കൊച്ചിവിട്ട് പുറത്തു പോയിട്ടില്ല; ജയിലിൽ നിന്ന് ഇറങ്ങുക; മോഷ്ടിക്കുക; താനാണ് മോഷ്ടാവെന്ന് പോലീസിനെ അറിയിക്കുക; വീണ്ടും ജയിലിൽ പോവുക; ഇതാണ് ഡേവിഡിന്റെ രീതി; വ്യത്യസ്തനായ കള്ളന്
കൊച്ചിയിലെ ഒരു ഹോട്ടൽ കുത്തിത്തുറന്ന് പണം മോഷ്ടിച്ച ഡേവിഡിനെ തെളിവെടുപ്പിന് ശേഷം പോലീസ് റിമാൻഡ് ചെയ്തു. ഇയാൾ ഹോട്ടലിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. ജയിലിൽ നിന്നും പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ ആണ് അടുത്ത മോഷണത്തിന് വീണ്ടും അകത്തായിരിക്കുന്നത്.
ഡേവിഡ് ആന്ധ്രപ്രദേശ് സ്വദേശിയാണ്. കൊച്ചി നഗരം കേന്ദ്രീകരിച്ചാണ് ഡേവിഡ് എല്ലാ മോഷണം നടത്താറുള്ളത്. ഡേവിഡ് മോഷ്ടിക്കുന്നതൊന്നും കൊച്ചി നഗരത്തിന് പുറത്തു പോകാറില്ല. ജയിലിൽ നിന്നും ഇറങ്ങി ഉടൻ തന്നെ അടുത്ത മോഷണം നടത്തുകയും, മോഷ്ടിച്ചത് പോലീസിനെ കൃത്യമായി അറിയിക്കുകയും ചെയ്യും. മോഷണം നടത്തിയതിനുശേഷം കടയിലെ സിസിടിവിയിൽ നോക്കിചിരിച്ച് കൈ കാണിച്ചാണ് ഡേവിഡ് പോകാറുള്ളത്.
ഏറ്റവും ഒടുവിലത്തെ മോഷണം നടന്നത് പതിനൊന്നാം തീയതി രാത്രി രവിപുരം കുരിശുപള്ളിക്ക് സമീപത്തുള്ള ഹോട്ടലിലാണ്. ഹോട്ടൽ കുത്തിത്തുറന്ന് 53,000 രൂപ മോഷ്ടിക്കുക ആയിരുന്നു. ഒരു സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് ഹോട്ടലിന്റെ അകത്തു കടന്നത്. സമീപത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ ഡേവിഡ് മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇയാള് ബോധപൂർവം തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇയാളെ സൗത്ത് പാലത്തിന് അടിയിൽ നിന്നും പോലീസ് പിടികൂടി. സൗത്ത് പാലത്തിനടിയിലാണ് ഡേവിഡ് താമസിക്കുന്നത്. മോഷണം നടത്തിയത് ഡേവിഡ് ആണെന്ന് അറിഞ്ഞാൽ നേരെ സൗത്ത് പാലത്തിന്റെ അടിയിൽ എത്തി പോലീസ് പിടികൂടുകയാണ് പതിവ്.
ഇയാളുടെ പേരിൽ സൗത്ത് സ്റ്റേഷനിൽ മാത്രം നിരവധി മോഷണ കേസുകൾ ഉണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഡേവിഡ് കൂടുതലായി മോഷണം നടത്താറുള്ളത്. മോഷ്ടിച്ച് കിട്ടുന്ന പണം ദിവസങ്ങൾക്കുള്ളിൽ തന്നെ ചെലവാക്കി തീർക്കുകയും ചെയ്യും.