ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റോഡ് മോഷ്ടിച്ചു;നേരം വെളുത്തപ്പോൾ റോഡ് കാണാനില്ല; പരാതിയുമായി ഗ്രാമവാസികൾ രംഗത്ത്; സംഭവം ഇങ്ങനെ
വളരെ വിചിത്രമായ ഒരു മോഷണം നടന്നു എന്ന പരാതിയുമായി ബീഹാറിലെ ഒരു കൂട്ടം ഗ്രാമവാസികൾ രംഗത്ത് വന്നു. ഈ മോഷണത്തെ കുറിച്ച് അറിഞ്ഞ നാട്ടുകാരും അയൽ നാട്ടുകാരും ആകെ അങ്കലാപ്പിലായി എന്നു തന്നെ പറഞ്ഞാല്‍ മതിയല്ലോ. രണ്ട് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റോഡാണ് മോഷണം പോയത്. കരനി , കദംപൂർ എന്നീ ഗ്രാമങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന റോഡാണ് ഒരു ദിവസം രാവിലെ എണീറ്റ് നോക്കിയപ്പോള്‍ അപ്രത്യക്ഷമായത്.
വളരെ വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചുവന്നിരുന്ന റോഡ് ആണ് ഒരു സുപ്രഭാതത്തില്‍ കാണാതായത്. ഒരു ദിവസം നേരം വെളുത്തപ്പോഴേക്കും റോഡ് അപ്രത്യക്ഷമായി എന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. റോഡ് ഉണ്ടായിരുന്ന ഭാഗത്ത് ചില വിളകളും മറ്റും നട്ടിരിക്കുന്നതാണ് പ്രദേശ വാസികള്‍ കാണുന്നത്. ആദ്യം നാട്ടുകാർക്ക് സംഭവം എന്താണെന്ന് വ്യക്തമായി പിടികിട്ടിയില്ല. വഴിതെറ്റിപ്പോയി എന്ന് പോലും പലരും കരുതി. എന്നാൽ അധികം വൈകാതെ വഴി തെറ്റിയതല്ലെന്നും റോഡ് അവിടെ നിന്നും പാടെ അപ്രത്യക്ഷമായി എന്നും അവർക്ക് ബോധ്യമായി.
ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഈ ഗ്രാമത്തിലുള്ള ഒരു സംഘം ഗുണ്ടകൾ ചേർന്ന് ഒരു ട്രാക്ടർ ഉപയോഗിച്ച് റോഡ് ഉഴുതു മറിക്കുക ആയിരുന്നു. റോഡിന്റെ സ്ഥാനത്ത് ഗോതമ്പ് തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതോടെ സ്ഥിതിഗതികൾ പരിശോധിച്ച് വിലയിരുത്തുമെന്ന് അധികൃതർ അറിയിച്ചു. ഏതായാലും റോഡ് ഇല്ലാതായത് ഈ ഗ്രാമവാസികളെ വല്ലാതെ പ്രതികൂലമായി ബാധിച്ചു . ഇവരുടെ യാത്ര എല്ലാ അര്‍ത്ഥത്തിലും ദുരിതപൂര്‍ണമായി. ഇടവഴികളെയാണ് ഇപ്പോൾ ഗ്രാമവാസികൾ യാത്ര ചെയ്യാൻ വേണ്ടി ആശ്രയിക്കുന്നത്.