കടയിലേക്ക് വന്ന ചരക്ക് സ്വയം ഇറക്കി; ഫ്രൂട്ട്സ്റ്റാൾ ഉടമയെ ചുമട്ടുതൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചു
സ്വയം ലോഡ് ഇറക്കിയ ഫ്രൂട്ട്സ്റ്റാർ ഉടമയെ ചുമട്ടു തൊഴിലാളികൾ സംഘം ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. തൊഴിലാളികളുടെ മദ്ദനത്തിൽ പരിക്കേറ്റ നരിക്കുനി സ്വദേശി സദഖത്തുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി ചികിത്സ തേടി. ഇനിയും സ്വന്തമായി ലോഡ് ഇറക്കിയാൽ മര്‍ദ്ദനം നേരിടേണ്ടി വരുമെന്ന് തൊഴിലാളികൾ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറയുന്നു. സ്വന്തം കടയിൽ ലോഡ് ഇറക്കുന്നതിനിടയിൽ ഇദ്ദേഹത്തെ സി ഐ ടി യു, എസ്ടിയു, ഐ എൻ ടി യു സി തുടങ്ങിയ സംഘടനയിലെ തൊഴിലാളികൾ സംഘം ചേർന്ന് വന്ന് ആക്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ലോഡ് ഇറക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ വാക്കേറ്റം ഉണ്ടാവുകയും പിന്നീട് മർദ്ദിക്കുകയും ആയിരുന്നു എന്നാണ് പ്രതിയില്‍ പറയുന്നത്.
സാധാരണ തൊഴിലാളികൾ തന്റെ ഷോപ്പിന്‍റെ അടുത്ത് ഉള്ളപ്പോൾ അവരെ വിളിച്ചാണ് ലോഡ് ഇറക്കാൻ ഏൽപ്പിക്കാറുള്ളത്. എന്നാൽ കടയിലേക്ക് സാധനങ്ങളുമായി വാഹനം എത്തിയപ്പോൾ സമീപത്തു തൊഴിലാളികൾ ആരും തന്നെ ഇല്ലായിരുന്നു. അവരെ കാണാത്തതുകൊണ്ട് സ്വയം സാധനങ്ങള്‍ ഇറക്കുക ആയിരുന്നു. എന്നാൽ ലോഡ് ഇറക്കിക്കൊണ്ടിരിക്കുന്നതിനിടെ തൊഴിലാളികൾ എത്തുകയും അവർ തന്നെ ആക്രമിക്കുക ആയിരുന്നു എന്നാണ് സദഖത്തുള്ള പറയുന്നത്. എന്നാൽ തൊഴിലാളി സംഘടനകൾ നൽകുന്ന വിശദീകരണം മറ്റൊന്നാണ്. തങ്ങൾക്ക് തൊഴിൽ നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഈ തർക്കത്തിനിടെ സദഖത്തുള്ള തൊഴിലാളികളെ കയ്യേറ്റം ചെയ്തു എന്നുമാണ് അവർ പറയുന്നത്. സംഭവം വാർത്തയായതോടെയാണ് തൊഴിലാളി സംഘടനകൾ വിശദീകരണവുമായി രംഗത്തു വന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.