എന്തു മായം ചേർക്കുന്നു എന്നതിലല്ല ആരും ചേർക്കുന്നു എന്നതാണ് പ്രശ്നം; ഏതു നിറമുള്ള അടിവസ്ത്രം എന്നതിലല്ല ആരുടെ ഒപ്പമുള്ള ആളുടെ അടിവസ്ത്രം എന്നതാണ് പ്രശ്നം; ഇവർ ഒരു പ്രത്യേകതരം മനുഷ്യരാണ്; അരുൺ കുമാറിന്റെ പരിഹാസം
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ പത്താനിലെ ബെഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതോടെ ചിത്രത്തിനെതിരെ വലിയ തോതിലുള്ള വിമർശനമാണ് ഉയരുന്നത്. ഈ ചിത്രം ബഹിഷ്കരിക്കണം എന്ന് ഒരു വിഭാഗം ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം ഉണ്ടായിരിക്കുന്നത്. ചിത്രത്തിലെ ഗാന രംഗത്തിൽ നടി ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വലിയൊരു വിഭാഗം ഈ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം കാവി നിറത്തിലുള്ള ലങ്കോട്ടി ധരിച്ച് ബാബാ രാംദേവ് പരസ്യമായി പ്രത്യക്ഷപ്പെടുന്നത് ചൂണ്ടിക്കാട്ടി ചിലർ ഈ ബഹിഷ്കരണ ആഹ്വാനത്തെ എതിർക്കുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള വാക്ക് പോര് രൂക്ഷമായിരിക്കുകയാണ്. വിവാദം കത്തി നിൽക്കുന്നതിനിടെ പ്രമുഖ മാധ്യമപ്രവർത്തകനായ അരുൺകുമാർ ഇതേക്കുറിച്ച് നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞമാസം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന്റെ പേരിൽ ദിവ്യ ഫാർമസി പതഞ്ജലി ബ്രാന്റിൽ പുറത്തിറക്കുന്ന 5 പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഉത്പാദനം ഉത്തരാഖണ്ഡ് സർക്കാർ നിരോധിച്ചത് ആരെങ്കിലും അറിഞ്ഞോ എന്ന് അരുൺ ചോദിക്കുന്നു. മരുന്നുകളുടെ പേരിൽ തെറ്റിദ്ധരിപ്പിച്ച് വാർത്തകൾ നൽകിയതിന് ഈ മാധ്യമങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നോട്ടീസ് നൽകിയിരുന്നു. ഈ ബ്രാൻഡ് പതഞ്ജലി ആയതുകൊണ്ട് മാത്രമാണ് കാവി അടിവസ്ത്രം ആരും തിരായതിരുന്നതെന്ന് അരുൺ ചൂണ്ടിക്കാട്ടുന്നു.
എന്തു മായം ചേർക്കുന്നു എന്നതിലല്ല ആരും ചേർക്കുന്നു എന്നതാണ് പ്രശ്നം. അതുപോലെതന്നെ ഏതു നിറമുള്ള അടിവസ്ത്രം എന്നതിലല്ല ആരുടെ ഒപ്പമുള്ള ആളുടെ അടിവസ്ത്രം എന്നതാണ് പ്രശ്നം. ഇത്തരക്കാരെ അടയാളപ്പെടുത്തുന്നത് എങ്ങനെയാണെന്നത് ആലോചിക്കേണ്ടതാണ്. ബീഫ് തപ്പി വരുന്നവരും, ഈ ഡീ യെ വിളിക്കാൻ പോകുന്നവരും , കുളത്തിൽ വിഗ്രഹം തപ്പി പോകുന്നവരും , പശുവിന്റെ പാലിൽ സ്വർണം തിരഞ്ഞവരും, ഗോമൂത്രം ഒഴിച്ച് ദളിതർ കുടിച്ച കുടിവെള്ള പാത്രം ശുദ്ധിയാക്കുന്നവരും, ക്യാമ്പസുകളിൽ നിരോധന ഉറകൾ തേടി പോയവരും ഒക്കെയുണ്ട്. ഏറ്റവും ഒടുവിലത്തെതാണ് അടിവസ്ത്രം തേടിപ്പോയവർ. ഇവർ ഒരു പ്രത്യേകതരം മനുഷ്യരാണ് എന്ന് അരുൺ പരിഹസിക്കുന്നു.