ഒരു ക്ലാസിലെ കുട്ടികൾക്ക് മാത്രം ചൊറിച്ചിലും ശ്വാസ തടസവും; കാരണമെന്തെന്ന് കണ്ടെത്താനാകാതെ അധികൃതർ; വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്
തിരുവനന്തപുരം അമ്പലമുക്ക് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും രക്ഷിതാക്കളും ആകെ അങ്കലാപ്പിലാണ്. ഈ സ്കൂളിലെ പത്താം ക്ലാസ് സി ഡിവിഷനിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രം കഴിഞ്ഞ കുറച്ചു നാളുകളായി തുടർച്ചയായി ശാസതടസ്സവും ശാരീരിക ബുദ്ധിമുട്ടുകളും, പലവിധ ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആർക്കും വിശദീകരിക്കാൻ കഴിയുന്നില്ല. പല വിധ ടെസ്റ്റുകളും നടത്തി. ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്.
ഇത്തരത്തിൽ ഒരു അനുഭവം ആദ്യമായി ഉണ്ടാവുന്നത് നവംബർ 18നാണ്. ഈ ക്ലാസ്സിൽ ആകെ 52 വിദ്യാർത്ഥികളാണ് ഉള്ളത്. ഇവരിൽ 15 പേർക്കാണ് ചൊറിച്ചിലും ശ്വാസ തടസ്സവും തളർച്ചയും അനുഭവപ്പെട്ടത്. തുടർന്ന് കുട്ടികളെ എല്ലാവരെയും പേരൂർക്കട ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് പരിശോധിച്ചു എങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പല ടെസ്റ്റുകളും നടത്തിയെങ്കിലും കാരണം എന്താണെണെന്ന് അറിയാൻ കഴിഞ്ഞില്ല. പിന്നീട് ഇത് തുടർച്ചയായി സംഭവിക്കാൻ തുടങ്ങി. ക്ലാസിലെ കുട്ടികളെ പരിചരിക്കുന്ന രക്ഷകർത്താക്കൾക്കും ഇതേ തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങി. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ആയതുകൊണ്ട് തന്നെ അവരുടെ പഠനത്തെ ഈ അനാരോഗ്യം ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ രക്ഷിതാക്കളും അധ്യാപകരും. ഈ ക്ലാസ് റൂം അണുനശീകരണം ഉൾപ്പെടെ നടത്തി വൃത്തിയാക്കിയിരുന്നു. ഇതിന്റെ കാരണം കണ്ടെത്തണം എന്ന ആവശ്യവുമായി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സ്കൂൾ അധികൃതർ. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടര്ന്നുവരികയാണ് പോലീസ്.