കണ്ണൻ ചക്രക്കസേരയിൽ അയ്യനെ കാണാൻ പോകുന്നത് സമീറ ടീച്ചർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ്; നിസ്സഹായവസ്ഥയില് തന്നെയും കുടുംബത്തെയും സഹായിച്ചതിന് ഇങ്ങനെയല്ലാതെ എങ്ങനെ പ്രത്യുപകരാം ചെയ്യും
ചക്കക്രക്കസേരയിൽ കണ്ണൻ ശബരിമല ശാസ്താവിനെ കാണാൻ പോകുന്നത് സമീറ ടീച്ചർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ്. ആരോരുമില്ലാത്ത തനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വീട് വെച്ച് നൽകിയത് സമീറ ടീച്ചറാണ്. അതുകൊണ്ടുതന്നെ അവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന ലക്ഷ്യവുമായാണ് കണ്ണൻ പരിമിതികളെ അതിജീവിച്ച് മല കയറുന്നത്.
കണ്ണൻ തമിഴ്നാട് മുത്തുപ്പേട്ട സ്വദേശിയാണ്. കുറച്ചു വർഷങ്ങൾക്കു മുൻപാണ് കണ്ണൻ മലപ്പുറത്തേക്ക് വരുന്നത്. കെട്ടിട നിർമ്മാണ ജോലി ചെയ്തു വരുന്നതിനിടെ ഉണ്ടായ അപകടത്തിൽ കണ്ണന് തന്റെ ഇടതുകാൽ നഷ്ടപ്പെട്ടു. വലതുകാലിന്റെ സ്വാധീനവും കുറഞ്ഞു. തുടർന്ന് ലോട്ടറി വില്പന നടത്തിയാണ് ജീവിതം മുന്നോട്ടു നയിച്ചിരുന്നത്. ഭാര്യ മറ്റു വീടുകളിൽ അടുക്കളപ്പണിക്ക് പോകുന്നുണ്ട്. കണ്ണന് നാലു മക്കളാണ്. ഓമാനൂർ തടപ്പറമ്പിലെ ഷെഡ്ഡിൽ ആണ് കണ്ണനും കുടുംബവും കഴിഞ്ഞു വന്നിരുന്നത്. അങ്ങനെയിരിക്കെയാണ് കൊണ്ടോട്ടി ഗവൺമെന്റ് കോളേജ് അധ്യാപിക എംപി സമീറ ദൈവത്തെപ്പോലെ കണ്ണന്റെ മുന്നിലെത്തുന്നത്. അവരും കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികളും ചേർന്ന് തടപ്പറമ്പിൽ 8 ലക്ഷം രൂപ മുടക്കി കണ്ണന് വീട് വെച്ച് നൽകി. ചക്ര കസേരയും വാങ്ങിച്ചു കൊടുത്തു. കണ്ണന്റെ വീടിന്റെ നിർമ്മാണം പൂർത്തിയാകുന്നത് 2016 ലാണ്. അപ്പോൾ മുതൽ തന്നെ ഉള്ള ആഗ്രഹമാണ് തന്റെ ജീവിതത്തിൽ വഴികാട്ടിയായി മാറിയ ആ അധ്യാപികക്ക് വേണ്ടി മല കയറി അയ്യനെ കണ്ടു പ്രാർത്ഥിക്കണമെന്നത്. എന്നാൽ ആ യാത്ര നീണ്ടുപോയി.
കണ്ണൻ കഴിഞ്ഞ ദിവസമാണ് കൊണ്ടോട്ടിയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ചത്. ഈ യാത്രയിൽ പലരും കണ്ണനെ സഹായിച്ചു. ഈ മാസം അവസാനത്തോടെ സന്നിധാനത്ത് എത്തിച്ചേരാൻ കഴിയും എന്നാണ് കണ്ണൻ കരുതുന്നത്. മകരജ്യോതി കാണണമെന്ന് ആഗ്രഹവും കണ്ണന്റെ മനസ്സിൽ ഉണ്ട്. ട്രോളി ഉപയോഗിക്കാതെ നേരിട്ട് തന്നെ പതിനെട്ടാംപടി പതിനെട്ടാംപടി കയറണം എന്നാണ് കണ്ണൻ ആഗ്രഹിക്കുന്നത്.