ഫൈവ് സ്റ്റാർ ഹോട്ടലുകൾ മാത്രം കേന്ദ്രീകരിച്ച് മോഷണം; ഇത് 63 കാരന്റെ പ്രതികാരത്തിന്റെ കഥ
ഫൈവ് സ്റ്റാർ ഹോട്ടൽ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിൻസന്റ് ജോൺ എന്ന 63 കാരനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും പിടികൂടിയിരുന്നു. താൻ ഇത്തരം ഒരു മോഷണത്തിന് ഇറങ്ങിത്തിരിച്ചതിന്
കാരണം പ്രതികാരമാണെന്നാണ് ഈ 63 കാരൻ പറയുന്നത്. ചോദ്യം ചെയ്യലിൽ ഈ കഥ അദ്ദേഹം പോലെസിനോട് പറയുകയും ചെയ്തു.
നേരത്തെ ഇയാള്‍ ടൂറിസ്റ്റ് ഗൈഡായി ജോലി നോക്കിയിരുന്നു. അന്ന് പഞ്ചനക്ഷത്ര ഹോട്ടലിൽ അതിഥികളെ എത്തിച്ചു നൽകിയിരുന്നു. എന്നാൽ ഇയാളെ ചില ഹോട്ടലുകാർ കമ്മീഷൻ നൽകാതെ പറ്റിച്ചു. നിരവധി തവണ ഹോട്ടലുകാരുടെ ഭാഗത്തു നിന്നും ഇത്തരം സമീപനം ഉണ്ടായതോടെയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളെ പറ്റിച്ചു ജീവിക്കാൻ ഇയാൾ തീരുമാനമെടുത്തത്.
ഇയാൾ തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നും മോഷ്ടിച്ച ലാപ്ടോപ്പ് 15,000 രൂപയ്ക്ക് കൊല്ലത്ത് മറിച്ചു വിറ്റിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഹോട്ടലിൽ നിന്നും മോഷ്ടിച്ച മദ്യക്കുപ്പിയും ഇയാൾ കൊല്ലത്ത് തന്നെ വിറ്റിരുന്നു.
രണ്ടോ മൂന്നോ ദിവസം മാത്രമാണ് ഇയാൾ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ താമസിക്കുക. പിന്നീട് അവിടെ നിന്നും ലാപ്ടോപ്പുമായി കടന്നു കളയുന്നതാണ് തുടർന്നുവരുന്ന മോഷണ രീതി. വലിയ വ്യവസായി ആണ് എന്ന് പറഞ്ഞാണ് ഇയാൾ ഹോട്ടലുകളിൽ മുറിയെടുക്കുന്നത്. ഇതിനായി ചില വ്യാജ തിരിച്ചറിയൽ രേഖകളും ഇയാൾ നൽകും. നിരവധി വ്യത്യസ്തമായ പേരുകളിൽ ഉള്ള തിരിച്ചറിയൽ രേഖകൾ ഇയാളുടെ കൈവശമുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ അസാമാന്യ പ്രാവണ്യമുള്ള ഇയാൾ ഹോട്ടൽ വാടകയും ഭക്ഷണത്തിന്റെ പണവുമെല്ലാം മുറി വെക്കേറ്റ് ചെയ്യുന്ന ദിവസം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. ഹോട്ടലിലെ ഏറ്റവും വിലകൂടിയ മുറിയിൽ താമസിച്ചു ഭക്ഷണവും മദ്യവും കഴിച്ച് മൂന്നു ദിവസത്തിനുശേഷം ഹോട്ടലുകാരോട് ലാപ്ടോപ്പ് വാങ്ങി അതുമായി മുങ്ങുന്നതാണ് രീതി. എന്നാൽ ഇയാൾ ഹോട്ടലിലുള്ള മറ്റ് സാധനങ്ങളോ മറ്റു മുറികളിൽ കയറിയുള്ള മോഷണമോ ഒന്നും നടത്താറില്ല. കേരളത്തിനകത്തും പുറത്തും ഇയാളുടെ പേരിൽ നിരവധി കേസുകൾ ഉണ്ട്. 2018 ൽ ഇതേ രീതിയിൽ ഹോട്ടലിൽ കയറി മോഷണം നടത്തിയതിന് ഇയാളെ പോലീസ് പിടികൂടിയിരുന്നു.