ഭാര്യയെ മദ്യം കുടിക്കാൻ നിർബന്ധിച്ചു ഭർത്താവ്; ഇത് കണ്ടു നിന്ന വിദ്യാർത്ഥികളുടെ പ്രതികരണം ഇങ്ങനെ
പുതുതലമുറയെ കുറിച്ച് പോസിറ്റീവും നെഗറ്റീവുമായ പല അഭിപ്രായങ്ങളും പലരും പറയാറുണ്ട്. എങ്കിലും പ്രതികരണശേഷിയുള്ള ഒരു തലമുറയാണ് ഇപ്പോൾ വളർന്നു വരുന്നത് എന്ന നിഗമനമാണ് കൂടുതൽ പേർക്കും ഉള്ളത്. ഇടപെടേണ്ട സമയത്ത് കൃത്യമായി ഇടപെട്ട ഒരുപറ്റം വിദ്യാർത്ഥികളെ പരിധിയില്ലാതെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിന്റെ വിവരങ്ങൾ പങ്കു വെച്ചത് പ്രമുഖ ജേണലിസ്റ്റായ ശ്വേതാ കോത്താരിയാണ്. ഉത്തർപ്രദേശിലെ ഝാൻസിയിൽ ഉള്ള ഒരു റസ്റ്റോറന്റിൽ വച്ച് താൻ കാണാനിടയായ ഒരു സംഭവത്തെക്കുറിച്ചാണ് അവർ കുറിപ്പ് പങ്ക് വച്ചത്.
ഒരു വൈകുന്നേരം ശ്വേതാ ഭര്‍ത്താവുമൊത്ത് റസ്റ്റോറന്റിൽ ഡിന്നർ കഴിക്കാൻ ഇരിക്കുകയായിരുന്നു. അവിടെവച്ച് ഒരാൾ മോശമായി പെരുമാറുകയും അതിനെതിരെ പ്രതികരിക്കാൻ കുട്ടികൾ തയ്യാറാവുകയും ചെയ്ത കാര്യവുമാണ് ശ്വേതാ കുറിച്ചിരിക്കുന്നത്.
താനും ഭർത്താവും കൂടി ഝാൻസിലെ ഒരു റസ്റ്റോറന്റിൽ ഇരിക്കുകയായിരുന്നു. തങ്ങളുടെ പിന്നില്‍ 16 , 17 വയസ്സ് പ്രായം വരുന്ന കുട്ടികളും, അതിനടുത്തായി ദമ്പതികളും അവരുടെ രണ്ട് പെൺമക്കളും ഇരിക്കുന്നുണ്ടായിരുന്നു. ആദ്യമൊന്നും പ്രത്യേകിച്ചൊരു പ്രശ്നവും അവിടെ സംഭവിച്ചില്ല. എന്നാൽ കുടുംബത്തിന്റെ ഒപ്പം എത്തിയ അയാൾ തന്റെ ഭാര്യയെ മദ്യം കഴിക്കാൻ നിർബന്ധിച്ചു. പല ആവർത്തി അവർ നിരസിച്ചു എങ്കിലും അയാൾ അത് തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ അയാൾ നിർബന്ധിച്ചു മദ്യം അവരുടെ വായിലേക്ക് ഒഴിച്ചുകൊടുക്കാൻ പോലും ശ്രമം ഉണ്ടായി. ഇതോടെ തൊട്ടപ്പുറത്തെ ടേബിളിൽ ഇരുന്ന രണ്ടു കുട്ടികൾ ആ സ്ത്രീയുടെ രക്ഷയ്ക്ക് എത്തി. അവർ ഒച്ചവച്ചു. അവർക്ക് മദ്യം കഴിക്കാൻ ഇഷ്ടമല്ല എന്തിനാണ് അവരെ നിർബന്ധിക്കുന്നത് എന്ന് ഒരു കുട്ടി ചോദിച്ചു. എന്നാൽ ഇത് തന്റെ ഭാര്യയാണെന്നും തനിക്ക് ഇഷ്ടമുള്ളത് ചെയ്യും നിങ്ങൾ ആരാണ് ചോദിക്കാന്‍ എന്നുമായിരുന്നു അയാളുടെ മറുപടി. സംഭവം സംസാരമായതോടെ ഈ വിഷയത്തിൽ മാനേജ്മെന്റ് ഇടപെട്ടു. ഇതോടെ പ്രശ്നം കൂടുതല്‍ വഷളാകുന്നു എന്നു കണ്ട അയാൾ ശാന്തനായി. പിന്നീട് 20 മിനിറ്റോളം സമയം അയാൾ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഭാര്യയെ കൊണ്ട് നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ അയാള്‍ മുതിർന്നില്ല.
അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരെപ്പോലെ സ്വന്തം കാര്യം നോക്കി ഭക്ഷണം കഴിച്ച് ആ കുട്ടികള്‍ക്കും പോകാമായിരുന്നു. എന്നാൽ അവർ തെറ്റിനെതിരെ നിലകൊള്ളുകയും ശബ്ദമുയർത്താൻ തീരുമാനിക്കുകയും ചെയ്തു. അതിനെയാണ് ധൈര്യം എന്ന് പറയുന്നത്. ശ്വേത കുറിച്ചു.