ബിരിയാണിയിൽ മുട്ടയും പപ്പടവും ഇല്ല; ഹോട്ടൽ ഉടമകളായ ദമ്പതികളെ യുവാവ് മർദ്ദിച്ചു; സംഭവം തൃശ്ശൂരില്‍
ബിരിയാണിയിൽ കോഴി മുട്ടയും പപ്പടവും ഇല്ല എന്ന കാരണം പറഞ്ഞു ഹോട്ടൽ ഉടമകളായ ദമ്പതികളെ യുവാവ് അതി ക്രൂരമായി മർദ്ദിച്ചതായി പരാതി. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ചൂണ്ടലിൽ കറി ആൻഡ് കോ എന്ന ഹോട്ടലിലാണ് അവിചാരിത സംഭവങ്ങൾ അരങ്ങേറിയത്.
തിരുവനന്തപുരം സ്വദേശിയായ സുധി എന്ന 42 കാരനും അദ്ദേഹത്തിൻറെ ഭാര്യ ദിവ്യ എന്ന 40 കാരിക്കുമാണ് യുവാവിൽ നിന്നും ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. യുവാവ് സുധിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയാണ് ഹോട്ടലിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.
യുവാവ് ഹോട്ടലിൽ എത്തി കഴിക്കാൻ ഓർഡർ ചെയ്തത് ബിരിയാണിയാണ്. ഹോട്ടലിൽ നിന്ന് ലഭിച്ച ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ദിവ്യ ഇയാൾക്ക് മുട്ടയും പപ്പടവും നൽകി. തുടർന്ന് ഭക്ഷണം കഴിച്ച് കൈകഴുകുന്ന സ്ഥലം എത്തിയപ്പോൾ അവിടെ വൃത്തിയില്ല എന്ന് ഇയാള്‍ പരാതി പറഞ്ഞു. തുടർന്ന് ദിവ്യയുമായി തർക്കം രൂക്ഷമായി. കയർത്തു സംസാരിച്ച ഇയാൾ ദിവ്യയുടെ മുഖത്ത് ആഞ്ഞടിച്ചു. ഇത് ചോദ്യം ചെയ്യാൻ എത്തിയ സുധിയെയും അടിച്ചു. ശേഷം ഇയാൾ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സുധി പുറകെ ഓടി. തുടർന്ന് കടയുടെ സമീപത്ത് നിർമ്മാണ പ്രവർത്തനത്തിന് ഇട്ടിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് ഇയാൾ സുധിയുടെ തലയ്ക്ക് അടിച്ചതിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ദമ്പതികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അധികം വൈകാതെ തന്നെ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന് പോലീസ് അറിയിച്ചു.