മൂന്നുവർഷം മുമ്പ് യുവ സംവിധായിക നയനസൂര്യ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്; പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകള്‍ പോലീസ് അവഗണിച്ചു
അന്തരിച്ച പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്ന നയന സൂര്യ എന്ന 28കാരിയുടെ മരണം കൊലപാതകമാണെന്ന സൂചനയാണ് ലഭിക്കുന്നത്. മൂന്നു വർഷത്തിനു ശേഷമാണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തു വരുന്നത്. നയന സൂര്യ മരിക്കാൻ കാരണം കഴുത്ത് ഞെരിഞ്ഞതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതുകൊണ്ടുതന്നെ ഇത് ഒരു കൊലപാതകമാണ് എന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പോലീസ് നടത്തിയ പ്രേത പരിശോധനയിൽ കഴുത്തിൽ ഉണ്ടായിരുന്ന 31.5 സെൻറീമീറ്റർ മുറിവും മറ്റ് ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല എന്നത് സംശയം വര്‍ദ്ധിപ്പിക്കുന്നു.നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഏതാണ്ട് നിലച്ച മട്ടായതോടെയാണ് ഇവരുടെ ചില സുഹൃത്തുക്കൾ പരാതിയുമായി രംഗത്തു വന്നത്. ഇതോടെയാണ് പോസ്റ്റ്മോർട്ടത്തിലെ വിവരങ്ങൾ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
നയനയുടെ അടിവയറ്റിൽ മർദ്ദനമേറ്റിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി കാണിച്ചിട്ടുണ്ട് എങ്കിലും പോലീസ് ഇതിനെക്കുറിച്ച് യാതൊരു വിധത്തിലുള്ള തുടരന്വേഷണവും നടത്തിയില്ല എന്ന് മാത്രമല്ല വല്ലവിധേനയും ഈ കേസ് അവസാനിപ്പിക്കാനാണ് ശ്രമിച്ചത് എന്ന ആരോപണം ശക്തമാണ്.
2019 ഫെബ്രുവരി 24 ലാണ് ദിനേശന്റെയും ഷീലയുടെ മകളായ നയന സൂര്യയെ തിരുവനന്തപുരം ആൽത്തറ നഗറിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ലെനിൻ രാജേന്ദ്രൻ മരിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് നയന സൂര്യയും മരണപ്പെടുന്നത്. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന അവർ ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു പ്രചരണം. എന്നാൽ ഷുഗർ ലെവൽ താഴ്ന്നു മുറിക്കുള്ളിൽ കുഴഞ്ഞു വീണ് മരിച്ചതാണ് നയനസൂര്യ എന്നാണ് പോലീസ് ഭാഷ്യം. നിരവധി തവണ ഫോൺ വിളിച്ചിട്ടും എടുക്കാത്തതുകൊണ്ട് സുഹൃത്തുക്കൾ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് ആസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും അതെങ്ങും എത്തിയില്ല.