ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ഫോര്‍ട്ട് കൊച്ചിയില്‍ തിങ്ങി നിറഞ്ഞത് ലക്ഷങ്ങള്‍
പുതു വർഷ ആഘോഷത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിലേക്ക് എത്തിയത് 5 ലക്ഷത്തോളം പേർ. തിക്കും തിരക്കും മൂലം വൻ ദുരന്തം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികാരികളുടെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയതായി ആക്ഷേപമുണ്ട്. വൻ ദുരന്തം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ് എന്ന് ദൃക്സാക്ഷികൾ പറയുന്നു.
കൊച്ചിൻ കാർണിവലിൽ അർദ്ധരാത്രി നടത്തിയ പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ് കഴിഞ്ഞ ഉടൻ തന്നെ വലിയ തിക്കും തിരക്കുമാണ് ഉണ്ടായത്. മൈതാനത്ത് നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കു പറ്റി. പലർക്കും ശ്വാസം മുട്ടലും ഛർദ്ദിയും മുതലായ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ചടങ്ങിനു ശേഷം നിരവധി പേരാണ് ആശുപത്രിയിൽ അഭയം തേടിയത്.
കൊച്ചിൻ കാർണിവൽ നടന്ന സ്ഥലത്ത് അടിയന്തര സാഹചര്യങ്ങളിൽ നേരിടാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിരുന്നില്ല.
ഫോർട്ടു കൊച്ചിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് വൈപ്പിൻ വഴിയായിരുന്നു. അതുകൊണ്ടു തന്നെ രണ്ട് റോറോ സർവീസുകൾ നടത്തണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു എങ്കിലും ആകെ ഒരു ജങ്കാർ മാത്രമാണ് ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തിയത്. ഒരു ജങ്കാറില്‍ മാത്രം പതിനായിരക്കണക്കിന് പേരാണ് ഫോർട്ട് കൊച്ചിയിലേക്ക് എത്തിയത്. ഇതിനിടെ രണ്ടു പെൺകുട്ടികൾ കായലിലേക്ക് വീഴുകയും ചെയ്തു. ഇവരെ രക്ഷപ്പെടുത്തിയത് നാട്ടുകാരാണ്. ഫോർട്ട് കൊച്ചിയിലേക്ക് പ്രത്യേക ബസ് സർവീസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു എങ്കിലും സന്ധ്യയോടെ എല്ലാ ബസുകളും സർവീസ് അവസാനിപ്പിച്ചിരുന്നു. തുടർന്ന് ആഘോഷം കഴിഞ്ഞു പോകുന്നവർ തിരിച്ചു പോകാൻ പ്രയാസപ്പെട്ടു.