ഇത് കാരുണ്യ താരം; കഴിഞ്ഞ മൂന്ന് വർഷത്തോളമായി തളർന്നു കിടന്നിരുന്ന യുവതിക്ക് സഹായഹസ്തം നീട്ടി സൂപ്പര്‍ താരം സുരേഷ് ഗോപി
കഴിഞ്ഞ മൂന്നു വർഷത്തോളമായി തളർന്നു കിടന്നിരുന്ന യുവതിക്ക് സഹായ ഹസ്തം നീട്ടി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. പാലക്കാട് സ്വദേശിയായ രാജേശ്വരി എന്ന യുവതിയാണ് സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ജീവിതത്തിലേക്ക് പിച്ച വയ്ക്കുന്നത്. പാലക്കാട് പെരുവമ്പിലെ കണ്ണൻറെ ഭാര്യയാണ് രാജേശ്വരി. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ശരീരം അനക്കാൻ കഴിയാതെ രോഗശയ്യയിൽ ആയിരുന്നു രാജേശ്വരി. കണ്ണൻ ഒരു കെ എസ് ആർ ടി സി ജീവനക്കാരനാണ്. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല എന്ന വാർത്ത റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമങ്ങളിലൂടെയാണ് കണ്ണന്റെയും രാജേശ്വരിയുടെയും ജീവിതത്തിലെ പ്രയാസങ്ങൾ പുറം ലോകത്തെ അറിയിക്കുന്നത്. ഈ വാര്‍ത്ത കണ്ട സുരേഷ് ഗോപി അവർക്ക് സഹായവുമായി എത്തുകയായിരുന്നു.
മൂന്നാമത്തെ പ്രസവത്തെ തുടർന്ന് ഇടുപ്പിന് വേദന വന്ന രാജേശ്വരി പിന്നീട് പൂർണമായും കിടപ്പിലായി. ഭാര്യക്ക് ചികിത്സ നൽകുന്നതിനും ആശുപത്രിയിൽ കാണിക്കുന്നതിനും ഉള്ള സാമ്പത്തിക സ്ഥിതി കണ്ണന് ഉണ്ടായിരുന്നില്ല. കെ എസ് ആർ ടിസി ജീവനക്കാർക്ക് ശമ്പളം പോലും ലഭിക്കാതെ വന്നതോടെ കണ്ണനും കുടുംബവും ആകെ ദുരിതത്തിലായി.
മൂന്ന് കുട്ടികളുള്ള ഈ കുടുംബത്തിൻറെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കേട്ടറിഞ്ഞ സുരേഷ് ഗോപി ഇവരെ സഹായിക്കാനായി മുന്നോട്ടു വരികയായിരുന്നു. രാജേശ്വരിയുടെ മുഴുവൻ ചികിത്സാ ചെലവും സുരേഷ് ഗോപി ഏറ്റെടുത്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ രാജേശ്വരി ചികിത്സ തേടി. ആറു മാസത്തെ ചികിത്സ കൊണ്ട് തന്നെ രാജേശ്വരിക്ക് എണീറ്റ് നടക്കാൻ പറ്റുന്ന സ്ഥിതിയായി. തങ്ങളുടെ ജീവിതത്തിൽ കൈത്താങ്ങായി മാറിയ സുരേഷ് ഗോപിയെ ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കണ്ടു നന്ദി പറയണം എന്നതാണ് ഇന്ന് രാജേശ്വരിയുടെ ഏറ്റവും വലിയ ആഗ്രഹം.