ഇഷ്ടം പറഞ്ഞ് ഒരു മാസത്തിനകം അപകടത്തില്‍പ്പെട്ട് കാമുകിയുടെ ശരീരം തളർന്നു; കഴിഞ്ഞ 30 വർഷത്തോളമായി ഒപ്പമിരുന്ന് പരിചരിച്ച് കാമുകൻ
കഴിഞ്ഞ 30 വർഷത്തിലധികമായി ശരീരം തളർന്ന തന്റെ കാമുകിയെ പരിചരിക്കുകയാണ് ബീജിങ്ങ് സ്വദേശിയായ ഷൂ എന്ന ചെറുപ്പക്കാരൻ. പരസ്പരം പ്രണയം തുറന്നു പറഞ്ഞ് ഒരു മാസത്തിനകമാണ് ഇയാളുടെ കാമുകി അപകടത്തില്‍പ്പെട്ട് തളർന്നു കിടപ്പിലാകുന്നത്. അന്നുമുതൽ തന്റെ പ്രിയതമയേ ഒപ്പമിരുന്ന് പരിചരിക്കുകയാണ് ഷൂ.
1992ല്‍ ഷൂവിന് 29 വയസ്സുള്ളപ്പോഴാണ് ഷൂ, ഹുവാങ്ങിനെ പരിചയപ്പെടുന്നത്. ഹുവാങ്ങിനെ കണ്ട ആദ്യമാത്രയിൽ തന്നെ ഷൂവിൽ പ്രണയം മൊട്ടിട്ടു. അധികം വൈകാതെ തന്നെ ഷൂ പ്രണയം തുറന്നു പറഞ്ഞു. ഹുവാങ്ങിനും എതിർപ്പില്ലായിരുന്നു. ഇതോടെ തന്റെ കുടുംബക്കാരെ കാമുകിയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി കൂട്ടിക്കൊണ്ടു പോകാൻ ഷൂ തീരുമാനിച്ചു. എന്നാൽ ഈ യാത്ര അവർക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദുരന്തമായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഇരുവര്‍ക്കും ഗുരുതരമായി പരിക്കു പറ്റി. കൂടുതൽ പരിക്ക് പറ്റിയത് ഹുവാങ്ങിനായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ യുവതിയുടെ കാലുകൾ രണ്ടും തളർന്നു. എന്നാൽ അപകട ശേഷവും തന്റെ കാമുകിയെ വിട്ടു പോകാൻ ഷൂ തയ്യാറായില്ല. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം പുതിയൊരു ജീവിതം തെരഞ്ഞെടുക്കാൻ ഷൂവിനെ നിർബന്ധിച്ചെങ്കിലും തന്റെ ശിഷ്ട ജീവിതം കാമുകിയുടെ ഒപ്പം ചിലവഴിക്കാൻ അയാൾ തീരുമാനിക്കുകയായിരുന്നു.
ഡേറ്റിങ്ങിൽ ആയിരുന്നപ്പോൾ ജീവിതകാലം മുഴുവൻ പരിചരിക്കുമെന്ന് ഷുവാങ്ങിന് വാക്ക് കൊടുത്തിരുന്നു. അത് മരണം വരെ പാലിക്കാൻ താൻ ബാധ്യസ്ഥൻ ആണെന്ന് ഷൂ പറയുന്നു. കാമുകിയെ പരിചരിക്കുന്നതിനുവേണ്ടി ഉണ്ടായിരുന്ന ജോലിയും അയാള്‍ വേണ്ടന്നു വച്ചു. ഇവരുടെയും പ്രണയകഥ ഇന്ന് നവമാധ്യമങ്ങളിൽ വൈറലാണ്.