ഒടുവിൽ ചൈന സമ്മതിച്ചു; 70% ത്തിൽ അധികം പേർക്കും കോവിഡ്; പ്രതിദിന മരണം പതിനായിരത്തിലേക്ക്; ചൈന മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തുന്നു
എത്രയൊക്കെ മൂടിക്കെട്ടി വച്ചിട്ടും കോവിഡ് ബാധിച്ചു രാജ്യം തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന് സമ്മതിച്ചു ചൈനീസ് സർക്കാർ. ചൈനയിലെ കോവിഡ് സാഹചര്യത്തിന്റെ ദുരന്ത ചിത്രം പാശ്ചാത്യ മാധ്യമങ്ങൾ പുറത്തു വിട്ടതോടെയാണ് പ്രതികരിക്കാൻ ചൈന നിർബന്ധിതരായിരിക്കുന്നത്. രാജ്യത്തിനകത്തു നിന്നും സോഷ്യൽ മീഡിയ വഴി പുറത്തു വരുന്ന വീഡിയോകളും മറ്റും ഈ വാർത്ത സ്ഥിരീകരിച്ചു മുന്നോട്ടു വരാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകമാണ്.
രാജ്യത്ത് മരണങ്ങൾ കുതിച്ചുയരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. 25 ദശലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചൈനയിലെ ഷാങ്ഹായി എന്ന നഗരത്തിൽ 70% ത്തിൽ അധികം പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രാജ്യം സീറോ കോവിഡ് നയം നീക്കിയതോടെയാണ് കേസുകൾ ക്രമാതീതമായി കുതിച്ചുയരാൻ കാരണം.
അതേസമയം ചൈനയിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഇതര രാജ്യങ്ങളുടെ നടപടിയെ ചൈന നിശ്ചിതമായി വിമർശിക്കുകയും ചെയ്യുന്നു. ഈ സാഹചര്യം തുടരുകയാണെങ്കിൽ ഇതിനെതിരെ മറ്റ് നടപടികൾ സ്വീകരിക്കാൻ രാജ്യം നിർബന്ധിതമാകും എന്ന് ചൈനീസ് സർക്കാർ മുന്നറിയിപ്പു നൽകി. പക്ഷേ നിലവിലെ സാഹചര്യത്തിൽ ചൈനയുടെ ഇത്തരം ഭീഷണികൾ ഒന്നും ലോകരാജ്യങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല.
ചൈനയുടെ സാമ്പത്തിക സ്ഥിതിക്ക് വലിയ മന്ദ്യമാണ് സംഭവിച്ചിട്ടുള്ളത്. ഇത് പുറത്തു കാണിക്കാതിരിക്കാൻ ഉള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായാണ് രോഗവിവരം മറച്ചു പിടിക്കുന്നത്. പക്ഷേ സോഷ്യൽ മീഡിയയും വിവര സാങ്കേതികവിദ്യയും വലിയതോതിൽ വികസിച്ച ഒരു കാലഘട്ടത്തിൽ ചൈനയുടെ ഈ ശ്രമങ്ങളെല്ലാം വൃഥാവിലായി. വരും ദിവസങ്ങളിൽ ചൈനയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾക്ക് വേണ്ടി കാതോർത്തിരിക്കുകയാണ് ലോകം. ലോക സമ്പദ് വ്യവസ്ഥയിൽ ചൈനയുടെ കാലം കഴിഞ്ഞു എന്ന് പ്രവചിക്കുന്നവരും വിരളമല്ല.