ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി; ഇത്തവണ മറ്റൊരു പെൺകുട്ടി
മലയാളത്തിലെ പ്രമുഖ അവതാരകനും നടനുമായ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതിയുമായി പെൺകുട്ടി രംഗത്ത്. മൂന്നു തവണ തന്നെ ഗോവിന്ദൻകുട്ടി ബലാൽസംഗം ചെയ്തു എന്നാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം നോർത്ത് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം ഗോവിന്ദന് കുട്ടിക്കെതിരെ മറ്റൊരു പെൺകുട്ടിയും
പോലീസിൽ പരാതി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചു എന്നതായിരുന്നു നടനെതിരെ അന്ന് ഉയർന്ന പരാതി. മാത്രമല്ല ഉന്നത ബന്ധം ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തി എന്നും ചലച്ചിത്ര മേഖലയിൽ ഉള്ളവർ പോലും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതായും പെൺകുട്ടി പറയുകയുണ്ടായി.
തുടര്‍ന്നു എറണാകുളം കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗോവിന്ദൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള യൂ ട്യൂബ് ചാനലിൽ അവതാരകയായി എത്തിയ യുവതിയെയാണ് ഗോവിന്ദൻകുട്ടി ബലാത്സംഗം ചെയ്തത് എന്നാണ് ആരോപണം. നിരവധി തവണ വാടക വീട്ടിലും സുഹൃത്തിന്റെ ഫ്ലാറ്റിലും കൊണ്ട് പോയി പീഡിപ്പിച്ചു. വിവാഹത്തെ കുറിച്ച് പറഞ്ഞതോടെ ഇയാൾ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നും
പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.
നവംബർ 26നാണ് എറണാകുളം നോർത്ത് പോലീസ് ഗോവിന്ദൻ കുട്ടിക്കെതിരെ കേസെടുത്തത്. പിന്നീട് ഇയാൾക്ക് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ അതിജീവത ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. പോലീസിന്റെ അന്വേഷണത്തിൽ വന്ന പാകപ്പിഴ മൂലമാണ് നടന് മുൻകൂർ ജാമ്യം ലഭിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.