ഈ പക്ഷി ഒറ്റപ്പറക്കലില്‍ പറന്നു തീര്‍ത്തത് എത്ര കിലോമീറ്റർ ദൂരമാണെന്നറിയുമോ; ഗിന്നസ് റെക്കോർഡ്സിൽ ഇടം പിടിച്ച പറക്കലിന്റെ വിശേഷങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം
ഭൂമിയിലെ മറ്റ് ജീവജാലങ്ങളിൽ നിന്നും പക്ഷികളെ വ്യത്യസ്തരാക്കുന്നത് അതിന്റെ പറക്കാനുള്ള കഴിവാണ്. ആ കഴിവ് ഉപയോഗിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഒരു ദേശാടനക്കിളി. ഈ പക്ഷി നിർത്താതെ പറന്നത് ഒന്നും രണ്ടുമല്ല 13575 കിലോമീറ്റർ ദൂരമാണ്.
അലാസ്കൈയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പറന്നാണ് പക്ഷി റിക്കോർഡിൽ ഇടം പിടിച്ചത്. തുടർച്ചയായ 11 ദിവസമാണ് ബാർ ടൈൽഡ് ഗോഡ് വിറ്റ് എന്ന പക്ഷി പറന്നത്. ഇത് ഒരു സർവകാല റെക്കോർഡാണ്. ഇതിനു മുൻപ് ഇത്രയധികമോ ഇതിന്റെ പകുതിയോ ദൂരം പോലും തുടർച്ചയായി പിറന്ന മറ്റ് പക്ഷികൾ ഏതെങ്കിലും ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അലാസ്കയിൽ നിന്ന് പുറപ്പെട്ട് 11 ദിവസം കഴിഞ്ഞ് ഒക്ടോബർ 24ന് ആണ് ഈ പക്ഷി ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മാനിയയിൽ എത്തിയത്. തുടർച്ചയായി രാവും പകലും പറന്നതുകൊണ്ട് തന്നെ ഇതിന്റെ ശരീരഭാരം പകുതിയോളം കുറഞ്ഞുവെന്ന് വിദഗ്ധര്‍ പറയുന്നു. ഈ പക്ഷിയുടെ ശരീരത്ത് ഒരു സാറ്റലൈറ്റ് ടാഗ് ഉള്ളതുകൊണ്ടാണ് ഇതിന്റെ പറക്കലിന്റെ ദൂരം എത്ര കൃത്യമായ അളക്കാൻ ഗവേഷകർക്ക് കഴിഞ്ഞത്.
നേരത്തെ ഇത്തരത്തിൽ ദീർഘദൂര പറക്കലിന് റെക്കോർഡ് സ്വന്തമാക്കിയത് ഇതേ സ്പീഷിസ്സിൽ ഉൾപ്പെടുന്ന മറ്റൊരു ദേശാടനക്കിളിയാണ്. അന്ന് തുടർച്ചയായ 349 കിലോമീറ്റർ ദൂരമാണ് ആ ദേശാടനക്കിളി പറന്നു തീർത്തത്. അതുകൊണ്ടുതന്നെ അതിന്റെ എത്രയോ മടങ്ങ് ദൂരം ഒറ്റപ്പറക്കലിൽ പൂർത്തിയാക്കിയ ഗോഡ്വിറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ താരമായി മാറിയിരിക്കുന്നത്.
ദീർഘദൂരം നിർത്താതെ പറക്കുന്നതിന് പേരുകേട്ട ഇനമാണ് ഗോഡ്വിറ്റുകൾ. ഒരു ദിവസം തന്നെ അനവധി കിലോമീറ്റർ ആണ് ഇവ സഞ്ചരിക്കുന്നത്. എങ്കിലും 13575 കിലോമീറ്റർ തുടർച്ചയായി പറക്കുക എന്നത് ഗവേഷകരെ പോലും അത്ഭുതപ്പെടുത്തിയ കാര്യമാണ്.