പ്രതിയെ കണ്ടെത്തി 102ൽ വിളിച്ചറിയിച്ചാൽ അറസ്റ്റ് ചെയ്യാം; വീട് ആക്രമിക്കപ്പെട്ട കാര്യം പറഞ്ഞ് വിളിച്ച ആളിനോട് പോലീസ് നല്കിയ മറുപടി
തൻറെ വീട് ആക്രമിച്ചു എന്ന പരാതിയുമായി 102ൽ പോലീസിനെ വിളിച്ചറിയിച്ച ആളിനോട് പ്രതിയെ കണ്ടെത്തിയതിന് ശേഷം 102ല്‍ വിളിച്ചാൽ അറസ്റ്റ് ചെയ്യാം എന്നായിരുന്നു പോലീസ് നല്കിയ മറുപടി. ഇത് വലിയ വിവാദമായി മാറി. ചെങ്ങന്നൂർ നൂറ്റവൻപാറ വടക്കേ ചെരുവിൽ എൻ ബാലകൃഷ്ണന് എന്ന 65 കാരന്റെ വീട്ടിലാണ് സാമൂഹിക വിരുദ്ധരുടെ നേതൃത്വത്തിൽ ആക്രമണം അരങ്ങേറിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാത്രിയോടെയാണ് വീട്ടില്‍ അക്രമം നടന്നത്.
വെള്ളിയാഴ്ച രാവിലെ ബാലകൃഷ്ണന് വീട്ടില്‍ എത്തിയപ്പോഴാണ് വീട്ടിലെ ഉപകരണങ്ങൾ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തുന്നത് . വീടിൻറെ മുൻവശത്ത് പ്രധാന വാതിലിനോട് ചേർന്ന് ഭിത്തിയില്‍ സ്ഥാപിച്ചുരുന്ന വൈദ്യുതി മീറ്റർ അടിച്ചു തകർത്തിരുന്നു . വീടിൻറെ പുറകിലത്തെ വാതിലിന്റെ കതകുകള്‍ ഇളക്കി മാറ്റിയിരുന്നു . അടുക്കളയിൽ ഉണ്ടായിരുന്ന കലവും മറ്റു പാത്രങ്ങളും തല്ലിത്തര്ത്തിട്ടുണ്ട്. കൂടാതെ വീട്ടില്‍ ഉണ്ടായിരുന്ന ടിവിയും ടേബിൾ ഫാനുമുള്പ്പടെ പല വീട്ടു സാധനങ്ങളും നശിപ്പിച്ച നിലയിലാണ് ഉള്ളത്.
തുടർന്ന് ബാലകൃഷ്ണൻ ഈ വിവരം കെ എസ് ഇ ബിയിലും ചെങ്ങന്നൂർ പോലീസിലും അറിയിച്ചു . വെള്ളിയാഴ്ച രാവിലെ ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി വൈകിയതിനെ തുടർന്ന് ഇദ്ദേഹം ശനിയാഴ്ച ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തി രണ്ടാമത് ഒരു പരാതിയും കൂടി നൽകുകയുണ്ടായി. എന്നാല്‍ ഇതേക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി 102ല്‍ വിളിച്ചപ്പോഴാണ് പോലീസ് വളരെ വിചിത്രമായ ഒരു മറുപടി നല്‍കിയത്.