വയലിൽ പെട്രോൾ പരന്നൊഴുകുന്നു; ശേഖരിക്കാൻ കന്നാസുകളുമായി ഗ്രാമവാസികൾ
വയലിൽ പെട്രോൾ നിറഞ്ഞാൽ എന്ത് ചെയ്യും, ഇപ്പോഴത്തെ പെട്രോളിന്റെ വില കണക്കിലെടുത്ത് ഒരു നിമിഷം പോലും പാഴാക്കാതെ ശേഖരിക്കാൻ ആരായാലും ശ്രമിക്കും . ഇതുതന്നെയാണ് ബീഹാറിലെ കഗാരിയ ജില്ലയിലുള്ള ബകിയ ഗ്രാമത്തിൽ സംഭവിച്ചത്. ഗ്രാമത്തിലെ വയലിൽ ചാലു കീറി പെട്രോൾ ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികൾ ഉടൻ തന്നെ കന്നാസുകളിലും മറ്റും പെട്രോൾ ശേഖരിക്കാൻ ഇറങ്ങി പുറപ്പെട്ടു. ആസാമിലേക്കുള്ള പെട്രോൾ പൈപ്പ് ലൈൻ ലീക്ക് ആയതാണ് വയലിൽ ഇന്ധനം നിറയാൻ കാരണമായത്.
ഇത് കേട്ടറിഞ്ഞ ഗ്രാമവാസികൾ ഓടിയെത്തി പെട്രോൾ ഊറ്റിയെടുക്കുകയായിരുന്നു. ഒടുവിൽ വിവരം അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്ത് പാഞ്ഞെത്തി . ഇതോടെയാണ് നാട്ടുകാരുടെ പെട്രോൾ ഊറ്റൽ അവസാനിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പൈപ്പ് ലൈനില്‍ ലീക്ക് ഉണ്ടാകുന്നത്. പുറത്തേക്ക് ഒഴുകിയ പെട്രോൾ ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ ആളുകൾ ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. വലിയ ദുരന്തം തന്നെ സംഭവിക്കാം എന്നതുകൊണ്ട് അധികം വൈകാതെ തന്നെ പോലീസ് ഈ ഭാഗത്ത് തമ്പടിച്ചു.
ഈ പ്രദേശത്ത് തീപ്പെട്ടി ഉരയ്ക്കുന്നതിനും തീ പിടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനും കടുത്ത നിരോധനമാണ് ഇപ്പോള്‍ ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഈ പാടത്തിന് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. എണ്ണ ശേഖരിക്കുന്നതിന് കാനുമായി വരുന്ന ഗ്രാമീണരെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി മുന്നറിയിപ്പ് നൽകി. തകരാര്‍ സംഭവിച്ചത് ബറൗനി റിഫൈനറിയിൽ നിന്നുള്ള പൈപ്പ് ലൈനിലാണ്. വിവരം ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അറിയിച്ചിട്ടുണ്ടെന്നും പൈപ്പ് ലൈനിന്റെ മറ്റ് ഭാഗങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.