പാക്കിസ്ഥാൻ കടക്കണിയിൽ; നിത്യോപയോഗ സാധനങ്ങൾക്ക് പോലും തീ വില; രാജ്യം അരാജകത്വത്തിലേക്ക്
പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി തകർന്നടിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പുതു വർഷം ജനങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ട ദിനങ്ങളുടെ വരുംകാല നീക്കിയിരിപ്പ് മാത്രമാണ് സമ്മാനിക്കുന്നത്. രാജ്യത്ത് പല സ്ഥലങ്ങളിലും ഭക്ഷ്യ വസ്തുക്കൾക്കും ഇന്ധനത്തിനും കടുത്ത ക്ഷാമവും വിലക്കയറ്റവും ആണ് നേരിടുന്നത്. ശ്രീലങ്ക കടന്നുപോയ സാഹചര്യത്തിന് സമാനമായ സ്ഥിതി രാജ്യത്ത് രൂപപ്പെടുന്നു എന്ന് പോലും ഭയക്കുന്നവർ ധാരാളമാണ്.
കാലാവസ്ഥയിൽ ഉണ്ടായ മാറ്റം മൂലം കടുത്ത പ്രളയമാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം നേരിട്ടത്. 1700 പേരുടെ ജീവനെടുക്കുകയും 80 ലക്ഷം പേരെ കിടപ്പാടം ഇല്ലാത്തവരാക്കി മാറ്റുകയും ചെയ്ത പ്രളയത്തിൻറെ നഷ്ടം മൂന്നു ബില്യൺ ഡോളർ ആണെന്ന് കണക്കാക്കുന്നു. രാജ്യത്തിൻറെ മുഴുവൻ സമ്പത് വ്യവസ്ഥയിൽ ഇതിൻറെ നാല് ഇരട്ടയിൽ അധികം ആഘാതം ഉണ്ടായി എന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പാകിസ്ഥാന്റെ വിദേശ ധനത്തിന്റെ കരുതൽ ശേഖരം ആറ് ബില്ല്യന്‍ ഡോളറിൽ നിന്നും താഴേക്ക് വന്നു. ഡിസംബറിൽ ഇത് 5.5 ബില്ല്യന്‍ ഡോളറായി തകർന്നിരുന്നു. സമാനമായ സാഹചര്യമാണ് കഴിഞ്ഞ വർഷം ശ്രീലങ്കയും സൃഷ്ടിക്കപ്പെട്ടത്. പാകിസ്ഥാന്റെ കൈവശം ഇപ്പോൾ മൂന്നാഴ്ചത്തേക്ക് ഇറക്കുമതി നടത്തുന്നതിന് ആവശ്യമായ പണം മാത്രമേ കരുതൽ ശേഖരമായി ഉള്ളൂ. വിദേശ കടം എടുത്തതിന്റെ തിരിച്ചടവ്, അതുപോലെതന്നെ അവശ്യമായ മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഇറക്കുമതി തുടങ്ങിയവയെല്ലാം തകിടം നിറയും എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
കഴിഞ്ഞ 30 വർഷത്തിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ പാകിസ്ഥാൻ കടന്നു പോകുന്നത്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ രാജ്യം കൊടുത്തു തീർക്കേണ്ടതായിട്ടുള്ള വിദേശ കടം 8 ബില്യൺ ഡോളറില്‍ക്കൂടുതലാണ്. ഇതിൻറെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാൻ വിദേശരാജ്യങ്ങളോടും അന്താരാഷ്ട്ര സ്ഥാപനങ്ങളോടും സഹായം അഭ്യർത്ഥിക്കാൻ തീരുമാനിക്കുന്നത്. സൗദി അറേബ്യയോട് മാത്രം മൂന്ന് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് രാജ്യം ആവശ്യപ്പെട്ടത്. അമേരിക്ക , ഫ്രാൻസ് , ചൈന , ജപ്പാൻ , ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിലവിൽ രാജ്യത്തെ പണപ്പെരുപ്പം 30 ശതമാനത്തോളം ആണ് . അവശ്യസാധനങ്ങളുടെ വില 55 മുതൽ 60% വരെ വർദ്ധിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമായ സ്ഥിതിയിലാണ്. ശ്രീലങ്ക കടന്നുപോയ സാമ്പത്തിക പ്രതിസന്ധിക്കു സമാനായ സ്ഥിതിയില്‍ പാകിസ്ഥാൻ എത്തുമോ എന്നാണ് ഇപ്പോള്‍ ലോകം ആശങ്കപ്പെടുന്നത്.