കാട്ടാനക്കൂട്ടത്തെ കണ്ടു ഭയന്നോടിയ യുവാവ് കൊടും വനത്തില്‍ അകപ്പെട്ടത് 40 മണിക്കൂർ; രാത്രി ചിലവഴിച്ചത് മരത്തിനു മുകളിൽ; ജീവന്‍ നിലനിര്‍ത്തിയത് കാട്ടാറിലെ വെള്ളം കുടിച്ച്; ഇത് ജോമോന്‍റെ ത്രസിപ്പിക്കുന്ന രക്ഷപ്പെടൽ
ഇടുക്കിയിലെ മണിയാറൻ കുടി ആനക്കൊമ്പൻ വ്യൂ പോയിൻറ് കാണാൻ വന്ന ജോമോൻ ജോസഫ് എന്ന യുവാവാണ് കാട്ടാനകൾ സ്വര്യ വിഹാരം നടത്തുന്ന ഉൾക്കാട്ടിൽ ഒറ്റപ്പെട്ടു പോയത്. രണ്ട് രാത്രിയും ഒരു പകലും കൊടും വനത്തിൽ അകപ്പെട്ടു പോയ ജോമോൻ ഏറെ ശ്രമപ്പെട്ടാണ് തിരികെ ജനവാസ മേഖലയിൽ എത്തിച്ചേര്‍ന്നത്.
വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് ആണ് ജോമോനും അദ്ദേഹത്തിൻറെ സുഹൃത്ത് അനീഷ് ദാസും വാഴത്തോപ്പ് പഞ്ചായത്തിലുള്ള മണിയാറൻകുടി ആനക്കൊമ്പൻ വ്യൂ പോയിൻറ് കാണാൻ പോകുന്നത്. വ്യൂ പോയിന്‍റില്‍ എത്തിയ ഇരുവരും പിന്നീട് രണ്ടു വഴിക്ക് പിരിഞ്ഞു പോവുകയായിരുന്നു.
പിന്നീട് എത്ര ശ്രമിച്ചിട്ടും അനീഷിന് ജോമോനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കാടിറങ്ങിയ അനീഷ് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് മുതൽ ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും ജോമോനെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല.
വ്യൂ പോയിന്റിൽ നിന്നും താഴേക്കിറങ്ങുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടതോടെയാണ് ജോമോൻ കാട്ടിൽ കുടുങ്ങിപ്പോയത്. ഒരു കൊമ്പനും നാല് പിടിയാനകളും ജോമോനെ ഓടിച്ചു. ജീവനും കൊണ്ട് ഓടിയ ജോമോൻ എത്തപ്പെട്ടത് ഒരു അരുവിയുടെ തീരത്താണ്. അവിടെ വച്ച് ജോമോന്റെ മൊബൈലിന്റെ ബാറ്ററി ചാർജ് തീർന്നു. ചുറ്റും ഇരുട്ടു വ്യാപിച്ചതോടെ വന്യമൃഗങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ഒരു മരത്തിൻറെ മുകളിൽ കയറി ഉറപ്പിച്ചു. നേരം പുലർന്നപ്പോൾ താഴെയിറങ്ങി പുഴയോരത്ത് കൂടി നടന്നു. പുഴയിൽ നിന്നും വെള്ളം കുടിച്ചാണ് ജോമോൻ തന്റെ ജീവൻ നിലനിർത്തിയത്. രാത്രിയാകുമ്പോൾ മരത്തിൻറെ മുകളിൽ കയറിയിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ ജോമോൻ മലയിഞ്ചിയിൽ എത്തിച്ചേർന്നു. 40 മണിക്കൂറിൽ അധികം നീണ്ട ദുരിത യാത്രക്കൊടുവിലാണ് ജോമോന് വനത്തിൽ നിന്നും പുറത്തു കടക്കാൻ കഴിഞ്ഞത്.