നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്; അദ്ദേഹത്തിൻറെ അഭിപ്രായത്തെ മാനിക്കുന്നു; പ്രതികരിച്ച് മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സിന്റെ സംവിധായകൻ
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരെ വിമർശനമുന്നയിച്ച ഇടവേള ബാബുവിന് മറുപടി നല്കി സംവിധായകൻ അഭിനവ് സുന്ദർ നായക്. ഇടവേള ബാബു പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. അതിൽ അപാകത ഒന്നുമില്ല. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്. ഇവിടെ എല്ലാവർക്കും അഭിപ്രായം പറയുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ആ അഭിപ്രായത്തെ എല്ലാ അർത്ഥത്തിലും ബഹുമാനിക്കുന്നു.
വിനീത് ശ്രീനിവാസൻ ആ കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് തന്റെ സിനിമയിൽ അഭിനയിച്ചത്. ഇടവേള ബാബു അത് കേട്ടപ്പോൾ തെറ്റിപ്പോയതാകാം. ഈ ലോകത്ത് പലതരത്തിലുള്ള മനുഷ്യരുമുണ്ട്. എല്ലാവർക്കും ഈ ലോകത്തെക്കുറിച്ച് അവരവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്. അതിനെ ഒരിക്കലും മറ്റൊരാൾക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. ഈ ലോകത്തെ കുറിച്ചുള്ള ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകൾ പറയുക എന്നതിനപ്പുറം അവർ ഇങ്ങനെ പറഞ്ഞു എന്നതിന് പ്രതികരിക്കേണ്ട യാതൊരു ആവശ്യവും തൽക്കാലമില്ല. അഭിപ്രായം പറയുക എന്ന് പറയുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തന്റേതായ രീതിയിൽ സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. അതുപോലെതന്നെ അദ്ദേഹത്തിന് അതിൽ അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അഭിനവ് സുന്ദർ നായക് പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ ടെലിവിഷൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ പുസ്തകോത്സവവുമായി ബന്ധപ്പെട്ടു പങ്കെടുക്കവേയാണ് ഇടവേള ബാബു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരെ വിമർശനമുന്നയിച്ചത്. ആ ചിത്രം തുടക്കം മുതൽ നെഗറ്റീവ് ആണെന്നും, എങ്ങനെയാണ് ആ സിനിമയ്ക്ക് സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചത് എന്നുമാണ് അദ്ദേഹം ചോദിച്ചത്. അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ അഭിപ്രായ പ്രകടനം മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ വരികയും ചെയ്തു. ഇത് സമൂഹമാധ്യമത്തിലും ചർച്ചയായി. ഇതോടെയാണ് ചിത്രത്തിന്‍റെ സംവിധായകൻ അഭിനവ് സുന്ദർ നായക് പ്രതികരണവുമായി രംഗത്തു വന്നത്.