ഒരു വിദ്യാർത്ഥിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്കൂൾ; വളരെ വ്യത്യസ്ഥമായ ഈ സ്കൂളിന്റെ വിശേഷങ്ങള്‍
വിദ്യാർഥികൾ കുറവുള്ളതിന്റെ പേരിൽ പല സ്കൂളുകളും അടച്ചു പൂട്ടുന്നതിനെ കുറിച്ച് മിക്കപ്പോഴും മാധ്യമങ്ങളിൽ വാർത്ത വരാറുണ്ട്. എന്നാൽ ഒരേയൊരു വിദ്യാർത്ഥിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സ്കൂൾ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസ്സിക്കുമോ. ഈ സ്കൂൾ പ്രവര്‍ത്തിക്കുന്നത് മഹാരാഷ്ട്രയിലെ വാഷി എന്ന ജില്ലയിലെ ഗണേഷ്പൂർ എന്ന ഗ്രാമത്തിലാണ്. ഈ ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമാണ് ഗണേഷ്പൂർ. കേവലം 150 പേർ മാത്രമാണ് ഇവിടെ ആകെ ഉള്ളത്. ഇവിടെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് ജില്ലാ പരിഷത്ത് സ്കൂളിന് അനുമതി ഉണ്ട്. എന്നാല്‍ ഈ സ്കൂളിൽ ആകെ ഒരു വിദ്യാർത്ഥി മാത്രമേ പഠിക്കാന്‍ ഉള്ളൂ. കാരണം ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിക്കേണ്ട പ്രായത്തിലുള്ള ഒരു കുട്ടി മാത്രമേ ഈ സ്കൂളിലും ഗ്രാമത്തിലും ഉള്ളൂ. ആകെ ഒരു കുട്ടി മാത്രമേ സ്കൂളില്‍ ഉള്ളൂ എങ്കിലും സ്കൂളിലെ പ്രവർത്തനം തുടരാന്‍ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ഈ സ്കൂളിലുള്ള ഒരേയൊരു വിദ്യാർഥിയായ കാർത്തിക് ശോകോക്കർ പഠിക്കുന്നത് മൂന്നാം ക്ലാസിലാണ്. കാർത്തിക്കിനെ പഠിപ്പിക്കാൻ എത്തുന്ന അധ്യാപകന്റെ പേര് കിഷോർ മങ്കർ എന്നാണ്. എല്ലാ ദിവസവും 12 കിലോമീറ്റർ യാത്ര ചെയ്താണ് കിഷോർ സ്കൂളിൽ എത്തുന്നത്. ആകെ ഒരേ ഒരു വിദ്യാർത്ഥി മാത്രമേ ഉള്ളൂ എങ്കില്‍ പോലും മറ്റ് സ്കൂളുകൾ പ്രവർത്തിക്കുന്നത് പോലെ തന്നെയാണ് സ്കൂളിൻറെ പ്രവർത്തന രീതികൾ എല്ലാം. രാവിലെ അസംബ്ലിയും മറ്റും സ്കൂളിൽ ഉണ്ടാകാറുണ്ട്. രണ്ടു വർഷത്തോളമായി കാർത്തിക് ഈ സ്കൂളിലാണ് പഠനം നടത്തുന്നത്.